കശ്മീരിലെ ഉധംപുരില്‍ കനത്ത ഏറ്റുമുട്ടല്‍ : സൈനികന് വീരമൃത്യു; മൂന്ന് ഭീകരരെ വളഞ്ഞ് സൈന്യം

ശ്രീനഗർ: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ കശ്മീരില്‍ ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലിനിടെ ഒരു സൈനികന് വീരമൃത്യു.ഉധംപുർ ബസന്ദ്ഗഢിലെ ദൂതു മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ താവളം കണ്ടെത്തി സൈന്യം അവരെ വളഞ്ഞതായും കനത്ത ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കുന്നതായുമാണ് റിപ്പോർട്ട്.
ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സിആർപിഎഫും ജമ്മു കശ്മീർ പോലീസും കരസേനയും ചേർന്നുള്ള സംയുക്ത ഓപ്പറേഷനാണ് നടക്കുന്നത്. വ്യാഴാഴ്ച രാവിലെ ആരംഭിച്ച ഏറ്റുമുട്ടലിന് ഓപ്പറേഷൻ ‘ബർലിഗലി’ എന്നാണ് പേരിട്ടിരിക്കുന്നത്. പ്രദേശത്ത് മൂന്ന് ഭീകരരുണ്ടെന്നും പ്രദേശത്ത് വെടിയൊച്ചകള്‍ കേള്‍ക്കാമെന്നും ദേശീയ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
പഹല്‍ഗാം ഭീകരാക്രമണം കഴിഞ്ഞ് രണ്ടുദിവസത്തിന് ശേഷമാണ് ഓപ്പറേഷൻ ‘ബർലിഗലി’. പഹല്‍ഗാം സംഭവത്തിനു പിന്നാലെ രാജ്യത്തുടനീളം സൈന്യം സുരക്ഷ ശക്തമാക്കിയിരുന്നു. ബുധനാഴ്ച രാവിലെ ബാരാമുള്ളയില്‍ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.