August 24, 2025

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ക്യൂ നില്‍ക്കേണ്ട ; 752 ആശുപത്രികളിൽ ഒ.പി ടിക്കറ്റ് ഓണ്‍ലൈനില്‍

Share

 

തിരുവനന്തപുരം : സംസ്ഥാനത്തെ 752 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.മെഡിക്കല്‍ കോളേജുകളിലെ 18 സ്ഥാപനങ്ങള്‍ കൂടാതെ 33 ജില്ല/ജനറല്‍ ആശുപത്രികള്‍, 88 താലൂക്ക് ആശുപത്രികള്‍, 42 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 501 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 50 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 14 സ്പെഷ്യാലിറ്റി ആശുപത്രികള്‍, മൂന്ന് പബ്ലിക് ഹെല്‍ത്ത് ലാബുകള്‍, മൂന്ന് മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പിലാക്കിയത്. മുഴുവൻ ആശുപത്രികളും ഇ ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യം. ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓണ്‍ലൈനായി ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്കാൻ എൻ ബുക്ക് സംവിധാനങ്ങള്‍ എന്നിവ അടുത്തിടെ സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി.

 

സംസ്ഥാനത്ത് ഇ ഹെല്‍ത്ത് സേവനം നേടുന്നവരുടെ എണ്ണം വളരെ കൂടിയിട്ടുണ്ട്. ഇതുവരെ 2.61 കോടിയിലധികം ജനങ്ങള്‍ ഇ ഹെല്‍ത്തിലൂടെ സ്ഥിര യു.എച്ച്‌.ഐ.ഡി. രജിസ്ട്രേഷൻ എടുത്തു. താത്ക്കാലിക രജിസ്ട്രേഷനിലൂടെ 8.51 കോടിയിലധികമാണ് ചികിത്സ തേടിയത്. 13.98 ലക്ഷം പേരാണ് ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെ അഡ്മിറ്റായി ചികിത്സ തേടിയത്. 3.39 കോടിയിലധികം പ്രീ ചെക്കപ്പ്, 8.16 കോടിയിലധികം ഡയഗ്നോസിസ്, 5.31 കോടിയിലധികം പ്രിസ്ക്രിപ്ഷൻ, 1.82 കോടിയിലധികം ലാബ് പരിശോധനകള്‍ എന്നിവയും ഇ ഹെല്‍ത്തിലൂടെ നടത്തി.

 

ഇ ഹെല്‍ത്തിലൂടെ ആശുപത്രിയില്‍ ക്യൂ നില്‍ക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാൻ കഴിയുന്നു. വീണ്ടും ചികിത്സ തേടണമെങ്കില്‍ ആശുപത്രിയില്‍ നിന്നും തന്നെ അഡ്വാൻസ് ടോക്കണ്‍ എടുക്കാനുള്ള സംവിധാനവും സജ്ജമാണ്. ഇ ഹെല്‍ത്ത് പോർട്ടല്‍ (https://ehealth.kerala.gov.in) വഴിയും എം-ഇഹെല്‍ത്ത് ആപ്പ് (https://play.google.com/store/apps/details?id=in.gov.kerala.ehealth.mhealth) വഴിയും അഡ്വാൻസ് ടോക്കണ്‍ എടുക്കാം. ഇതിലൂടെ കാത്തിരിപ്പ് വളരെ കുറയ്ക്കാനാകും.

 

എങ്ങനെ യുണിക്ക് ഹെല്‍ത്ത് ഐഡി സൃഷ്ടിക്കും?

 

ഇ ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാൻ ആദ്യമായി തിരിച്ചറിയില്‍ നമ്ബർ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോർട്ടലില്‍ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ ആധാർ നമ്ബർ നല്‍കുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത നമ്ബരില്‍ ഒടിപി വരും. ഈ ഒടിപി നല്‍കുമ്ബോള്‍ ഓണ്‍ലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്ബർ ലഭ്യമാകും. ഇത് പോർട്ടല്‍ വഴി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

 

ആദ്യതവണ ലോഗിൻ ചെയ്യുമ്ബോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്ബറും പാസ് വേർഡും മൊബൈലില്‍ മെസേജായി ലഭിക്കും. ഈ തിരിച്ചറിയല്‍ നമ്ബറും പാസ് വേർഡും ഉപയോഗിച്ച്‌ ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയിന്റ്മെന്റ് എടുക്കാൻ സാധിക്കും.

 

എങ്ങനെ അപ്പോയിന്റ്മെന്റ് എടുക്കാം?

 

ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയല്‍ നമ്ബരും പാസ് വേർഡും ഉപയോഗിച്ച്‌ പോർട്ടലില്‍ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയിന്റ്മെന്റ് ക്ലിക്ക് ചെയ്യുക. റഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്മെന്റും തെരഞ്ഞെടുക്കുക. തുടർന്ന് അപ്പോയിന്റ്മെന്റ് വേണ്ട തീയതി തെരഞ്ഞെടുക്കുമ്ബോള്‍ ആ ദിവസത്തില്‍ ലഭ്യമായ ടോക്കണുകള്‍ ദൃശ്യമാകും. രോഗികള്‍ അവർക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കണ്‍ എടുക്കാവുന്നതാണ്. തുടർന്ന് ടോക്കണ്‍ പ്രിന്റും എടുക്കാവുന്നതാണ്. ടോക്കണ്‍ വിവരങ്ങള്‍ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതിയാകും. പോർട്ടല്‍ വഴി അവരുടെ ചികിത്സാവിവരങ്ങള്‍, ലാബ് റിസള്‍ട്ട്, പ്രിസ്ക്രിപ്ഷൻ എന്നിവ ലഭ്യമാവുന്നതാണ്.

 

സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്ബരുകളില്‍ വിളിക്കാവുന്നതാണ്

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.