പഹല്‍ഗാം ഭീകരാക്രണത്തില്‍ വിറങ്ങലിച്ച് രാജ്യം ; മരണം 28 ആയി, മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ദില്ലി : ജമ്മുകശ്മീരിലെ പഹല്‍ഗാമിലെ ബൈസരണിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി ഉയർന്നു.
27 പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലുണ്ട്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്‍റെ മൃതദേഹം നാടുകളിലേക്ക് കൊണ്ടുപോകാനുള്ള നടപടി ഇന്നുണ്ടാകും. ഒരു നേപ്പാള്‍ സ്വദേശിയും യുഎഇ പൗരത്വമുള്ള ഇന്ത്യൻ വംശജനും കൊല്ലപ്പെട്ടവരിലുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറില്‍ എത്തിച്ചു. പോസ്റ്റ്മോർട്ടം ശ്രീനഗറില്‍ തന്നെ നടത്തും. മൃതദേഹങ്ങള്‍ വിട്ടുനല്‍കാൻ 2 ദിവസം വരെ കാലതാമസമെടുത്തേക്കാമെന്നും റിപ്പോർട്ടുകള്‍.
പഹല്‍ഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. സൗദി സന്ദർശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചു. സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗം പ്രധാനമന്ത്രി വിളിച്ചേക്കും. ധനമന്ത്രി നിർമല സീതാരാമനും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരില്‍ തങ്ങി സ്ഥിതി വിലയിരുത്തുകയാണ്. അദ്ദേഹം ഇന്ന് പഹല്‍ഗാമിലെത്തും. ഭീകരാക്രമണത്തെക്കുറിച്ച് എൻഐഎ അന്വേഷണം തുടങ്ങി. ഭീകരർക്കായി സുരക്ഷാസേനയും ജമ്മുകശ്മീർ പൊലീസും സംയുക്ത തെരച്ചില്‍ തുടരുകയാണ്. പഹല്‍ഗാം, ബൈസ രണ്‍, അനന്ത് നാഗ് മേഖലകളിലാണ് പരിശോധന. അതേസമയം, ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ദില്ലിക്ക് പുറമെ യുപിയിലും സുരക്ഷ കൂട്ടി വിനോദ സഞ്ചാര മേഖലകളില്‍ നിരീക്ഷണം കർശനമാക്കും.
രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി
പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം തിരികെ വീട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി കുടുംബം. ബെംഗളൂരുവിലുള്ള മകൻ അരവിന്ദ് ഇന്ന് ഉച്ചയോടെ ശ്രീനഗറിലേക്ക് പുറപ്പെടും. രാമചന്ദ്രന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായവർ കശ്മീരിലുള്ള കുടുംബ അംഗങ്ങളെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ്.
നോർക്ക ഹെല്‍പ്പ് ഡെസ്ക്
പഹല്‍ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണമൊരുക്കി നോർക്ക റൂട്ട്സ്. നോർക്കയുടെ ഹെല്‍പ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് നടപടി. കാശ്മീരില്‍ കുടുങ്ങി പോയ, സഹായം ആവശ്യമായവർക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെല്‍പ്പ് ഡെസ്ക്ക് നന്പർ പ്രയോജനപ്പെടുത്താവുന്നതാണ്. ദില്ലിയില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഏർപ്പെടുത്താൻ കേരള ഹൗസിനും മുഖ്യമന്ത്രി നിർദേശം നല്‍കി.