April 22, 2025

അടച്ചുകെട്ടാതെ ട്രസ് വര്‍ക്ക് ചെയ്ത ഭാഗത്തിന് കെട്ടിടനികുതി ബാധകമല്ലെന്ന് ഹൈകോടതി

Share

 

കൊച്ചി : വീടുകളടക്കം കെട്ടിടങ്ങള്‍ക്ക് മേലുള്ള തുറന്ന മേല്‍ക്കൂരക്ക് (ട്രസ് വർക്ക്) കെട്ടിട നികുതി ഈടാക്കാനാവില്ലെന്ന് ഹൈകോടതി.

കെട്ടിടത്തിന്‍റെ പ്ലിന്ത് ഏരിയയായി കണക്കാക്കാനാവാത്ത ഈ ഭാഗത്ത് കാലാവസ്ഥ പ്രതിരോധത്തിനാണ് ഇത്തരം താല്‍ക്കാലിക സംവിധാനങ്ങള്‍ നിർമിക്കാറുള്ളത്. അതേസമയം, ട്രസ് വർക്ക് ചുറ്റും അടച്ചുകെട്ടിയ നിലയിലാണെങ്കില്‍ നികുതി ഈടാക്കാമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.

 

വാണിജ്യസ്ഥാപനത്തിനു മുകളില്‍ ട്രസ് ഇട്ടതിന്റെ പേരില്‍ 2,80,800 രൂപ അധികനികുതി കണക്കാക്കിയതിനെതിരെ ചേർത്തല സ്വദേശികളായ സേവ്യർ ജെ. പൊന്നേഴത്ത്, ജോസ് ജെ. പൊന്നേഴത്ത് എന്നിവർ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. പാരപ്പറ്റ് ഉള്ള ഭാഗം ഭാഗികമായി അടച്ചുകെട്ടിയിരിക്കുകയാണെന്നും ട്രസ് ഇട്ടിടത്ത് സാധനങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ചേർത്തല തഹസില്‍ദാർ നികുതി ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്.

 

എന്നാല്‍, പാരപ്പറ്റ് കെട്ടിടത്തിന്‍റെ സുരക്ഷയുടെ ഭാഗമാണെന്നും സാധനങ്ങള്‍ സൂക്ഷിച്ചത് കെട്ടിടത്തിന്‍റെ വിനിയോഗമായി കണക്കാക്കാനാകില്ലെന്നും വ്യക്തമാക്കി കോടതി ഈ ഉത്തരവ് റദ്ദാക്കി. അതേസമയം, ട്രസുകള്‍ സ്ഥാപിച്ച ഭാഗം താമസത്തിനോ വാണിജ്യ ആവശ്യത്തിനോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന് നികുതി ഈടാക്കുന്നതിന് തടസ്സമില്ലെന്നും വ്യക്തമാക്കി.

 

ട്രസ് ഒഴിവാക്കി 1328 ചതുരശ്രമീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിന് ആറുലക്ഷം രൂപക്ക് മുകളിലാണ് നികുതി കണക്കാക്കിയിരിക്കുന്നതെന്നും സർക്കാർ മാനദണ്ഡപ്രകാരം സോളാർ പ്ലാന്റും മഴവെള്ള സംഭരണിയും സ്ഥാപിച്ചതിനാല്‍ ഇതില്‍ 50 ശതമാനം ഇളവ് വേണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. എന്നാല്‍, കെട്ടിടം നിർമിച്ച സമയത്ത് ഈ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ആവശ്യം അനുവദിച്ചില്ല.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.