April 19, 2025

ഗതാഗത നിയമലംഘനം : ക്യാമറ വഴി പിഴ ഇനി 12 കുറ്റങ്ങളില്‍മാത്രം, ഉദ്യോഗസ്ഥരെ വിലക്കി ഗതാഗത കമ്മിഷണര്‍

Share

 

തിരുവനന്തപുരം : കേന്ദ്രമോട്ടോർവാഹന നിയമം അനുശാസിക്കുന്ന 12 കുറ്റങ്ങളില്‍മാത്രം ക്യാമറവഴി പിഴചുമത്തിയാല്‍മതിയെന്ന് ഗതാഗതകമ്മിഷണറുെട നിർദേശം.മൊബൈലില്‍ ചിത്രമെടുത്ത് ഇ-ചെലാൻവഴി മറ്റ് നിയമലംഘനങ്ങള്‍ക്കും ഉദ്യോഗസ്ഥർ പിഴചുമത്തിയതോടെയാണ് കമ്മിഷണറുടെ ഇടപെടല്‍.

 

വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലാതിരിക്കുക, രജിസ്ട്രേഷൻ-ഫിറ്റ്നസ് കാലാവധി കഴിയുക, പുകപരിശോധന നടത്താതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് മൊബൈല്‍ഫോണില്‍ എടുക്കുന്ന ചിത്രം അടിസ്ഥാനമാക്കി പിഴചുമത്തരുതെന്നാണ് നിർദേശം. വാഹനങ്ങള്‍ നിർത്തി പരിശോധിക്കുന്നവേളയില്‍ ഇവയ്ക്ക് പ്രത്യേകം ചെക്ക് റിപ്പോർട്ട് നല്‍കി പിഴയീടാക്കാം.

 

ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നവരുടെ ചിത്രമെടുക്കുമ്ബോള്‍ വാഹനത്തിന്റെ രേഖകള്‍ക്കൂടി ഓണ്‍ലൈനില്‍ പരിശോധിച്ച്‌ മറ്റ് കുറ്റങ്ങള്‍ക്കും ഉദ്യോഗസ്ഥർ പിഴചുമത്തിയതാണ് പരാതിക്ക് ഇടയാക്കിയത്. ടൂറിസ്റ്റ് വാഹനങ്ങളുടെ മുകളില്‍ ഘടിപ്പിക്കുന്ന ലഗേജ് കാരിയറുകള്‍ക്ക് പിഴയീടാക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.

 

എന്നാല്‍, ഓഡിറ്റ് പരാമർശത്തെത്തുടർന്നാണ് ഒന്നിലധികം കുറ്റങ്ങള്‍ക്ക് പിഴചുമത്തേണ്ടിവന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പിഴചുമത്തുമ്ബോള്‍ ആ വാഹനത്തിന് മറ്റ് ഗതാഗതനിയമലംഘനങ്ങളില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്ന് ഓഡിറ്റ് നിർദേശമുണ്ടായിരുന്നു.

 

ചിത്രം അടിസ്ഥാനമാക്കി പിഴ ചുമത്താവുന്ന കുറ്റങ്ങള്‍

 

1. അമിതവേഗം

 

2. അനധികൃത പാർക്കിങ്

 

3. ഹെല്‍മെറ്റ് ഉപയോഗിക്കാതിരിക്കുക

 

4. ചുവപ്പ് സിഗ്നല്‍ ലംഘിക്കുക

 

5. വാഹനത്തിന് പുറത്തേക്ക് തള്ളിനില്‍ക്കുന്നവിധം ഭാരം കയറ്റുക

 

6. സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുക

 

7. ലെയ്ൻ ട്രാഫിക് ലംഘനം

 

8. ചരക്കുവാഹനങ്ങളില്‍ യാത്രക്കാരെ കൊണ്ടുപോകുക

 

9. നമ്ബർ പ്ലേറ്റില്‍ ക്രമക്കേട്

 

10. മൊബൈല്‍ഫോണ്‍ ഉപയോഗം

 

11 മഞ്ഞവരയുള്‍പ്പെടെയുള്ള റോഡിലെ മാർക്കിങ്ങുകള്‍ ലംഘിക്കുക

 

12. സിഗ്നല്‍ ലംഘനം


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.