നമ്പിക്കൊല്ലിയിൽ വാഹനങ്ങൾ അടിച്ചുതകർത്ത് അക്രമം : പിതാവും മകനും റിമാൻഡിൽ

ബത്തേരി : നമ്പിക്കൊല്ലിയിൽ ബസും പോലീസ് ജീപ്പുമടക്കം വാഹനങ്ങൾ അടിച്ചുതകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ പ്രതികളായ പിതാവിനെയും മകനെയും കോടതി റിമാൻഡ് ചെയ്തു. ഒന്നാം പ്രതി നമ്പിക്കൊല്ലി കീത്തപ്പള്ളി ജോമോൻ (33), പിതാവ് സണ്ണി(56) എന്നിവരെയാണ് മാനന്തവാടി ജെഎഫ്സിഎം കോടതി റിമാൻഡ് ചെയ്തത്.
വധശ്രമം, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയവയ്ക്കടക്കം ഭാരതീയ ന്യായസംഹിതയിലെ പത്തോളം വകുപ്പുകളും കേരള പോലീസ് ആക്ടിലെ രണ്ട് വകുപ്പുകളും പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് ഇരുവരുടെയും പേരിൽ നൂൽപ്പുഴ പോലീസ് കേസെടുത്തത്. ആക്രമണത്തിൽ വിരലിന് പരിക്കേറ്റ സീനിയർ സിപിഒ ധനീഷിന്റെ പരാതിയിലാണ് കേസ്.
ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ പ്രതികൾ റോഡിലിറങ്ങി വാഹനങ്ങൾ ആക്രമിക്കുകയും തടയാനെത്തിയ പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും വാഹനത്തിൻറെ ചില്ലുകൾ തകർക്കുകയുമായിരുന്നു.
കത്തിവീശിയും മറ്റും ഒരുമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളെ പോലീസും നാട്ടുകാരും ചേർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. ചെറിയ പരിക്കുകളോടെ ഇവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നൂൽപ്പുഴ എസ്എച്ച്ഒ എം. ശശിധരൻ പിള്ളയുടെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു.