സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി ; കേന്ദ്രവിഹിതം വര്‍ധിപ്പിച്ചു

ഡല്‍ഹി : പിഎം പോഷണ്‍ പദ്ധതിക്കു കീഴിലെ കേന്ദ്രവിഹിതത്തില്‍ വർധന. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കിവരുന്ന പദ്ധതിയുടെ ഭക്ഷ്യവസ്തുക്കള്‍ക്കും മറ്റു സാമഗ്രികള്‍ക്കുമുള്ള ചെലവ് വർധിപ്പിച്ചതോടെ 2025-26 സാന്പത്തികവർഷത്തില്‍ 954 കോടി രൂപയുടെ അധികച്ചെലവാണു കേന്ദ്രം വഹിക്കുക.
പ്രീപ്രൈമറി ലോവർ തലങ്ങളിലെ വിദ്യാർഥികള്‍ക്കായുള്ള ഉച്ചഭക്ഷണത്തിനുള്ള ചെലവ് 6.19 രൂപയില്‍നിന്ന് 6.78 രൂപയാക്കിയാണു കേന്ദ്രം വർധിപ്പിച്ചത്. അപ്പർ പ്രൈമറി തലത്തില്‍ 9.29 രൂപയായിരുന്നത് 10.17 രൂപയാക്കിയും വർധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ മേയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
തൊഴില്‍ മന്ത്രാലയം നല്‍കിയ പണപ്പെരുപ്പ സൂചിക പ്രകാരമാണു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വില വർധന വരുത്തിയത്. പിഎം പോഷണ്‍ പദ്ധതിക്കു കീഴില്‍ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനങ്ങളുമാണ് ചെലവ് വഹിക്കുന്നത്.
പുതുക്കിയ വില കാരണമുണ്ടാകുന്ന ചെലവ് കേന്ദ്രം വഹിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചതോടെയാണു കേന്ദ്രവിഹിതത്തില്‍ വർധനയുണ്ടായത്.
ഭക്ഷ്യവസ്തുക്കള്‍ക്കു ചെലവാക്കേണ്ട നിർബന്ധിതമായ മിനിമം തുകയാണിതെന്നും കുട്ടികള്‍ക്കു പോഷകസമൃദ്ധി ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സംഭാവന ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.