April 13, 2025

പത്തിനുശേഷം ഏത് കോഴ്‌സുകൾ തിരഞ്ഞെടുക്കണം : എങ്ങനെ പഠിക്കണം?

Blue "Courses" Button on Computer Keyboard. Background for Your Blog or Publication.

Share

 

കൽപ്പറ്റ : പത്താം ക്ലാസിനു ശേഷമുള്ള കോഴ്‌സുകളെ പ്രധാനമായും ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍, ഷോര്‍ട്ട് ടേം കോഴ്‌സുകള്‍ എന്നിങ്ങനെ പറയാം. ഇതില്‍ ഏതുവേണം എന്നത് കുട്ടിയുടെ അഭിരുചി, താല്‍പര്യം, നൈപുണികള്‍, വ്യക്തിത്വം എന്നിവ അനുസരിച്ചാണ് തീരുമാനിക്കേണ്ടത്.

 

കോഴ്‌സ് തെരഞ്ഞെടുക്കുന്നതിനുമുമ്പ് ഓരോ വിദ്യാര്‍ഥിയും തന്റെ ശക്തിയും ബലഹീനതയും ശരിക്കും മനസിലാക്കി വേണം മുന്നോട്ടുപോകാന്‍. സാധ്യതകളുടെ വലിയ ലോകമാണ് പത്തിനു ശേഷം നിങ്ങളുടെ മുന്നിലുള്ളത്. അവസരങ്ങളുടെ പെരുമഴ മുന്നില്‍ വര്‍ഷിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ കോഴ്‌സ് ഏതാണോ എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ആഗ്രഹിക്കുന്ന കരിയറിലേക്ക് ഗോള്‍ സെറ്റ് ചെയ്ത് അവിടേക്ക് എത്തുക എന്നതാണ് പ്രധാനകാര്യം. പാഷനും താല്‍പര്യത്തിനും കഴിവിനുംമാത്രം പരിഗണന കൊടുക്കുക. ഒരിക്കലും പാതിവഴിയില്‍ ഉപേക്ഷിക്കാതെ സ്ഥിരതയോടെ സഞ്ചരിക്കുക.

 

1. ഹയര്‍ സെക്കന്‍ഡറി

 

സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് എന്നീ മൂന്ന് സ്ട്രീമുകളിലായി 45 കോംപിനേഷന്‍സ് ഉണ്ട്. സയന്‍സ് വിഷയങ്ങളില്‍ 9 കോംപിനേഷനാണ് ഉള്ളത്. പത്താം ക്ലാസില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയിട്ടുണ്ടല്ലോ അതുമല്ലെങ്കില്‍ പ്ലസ് ടു കഴിഞാല്‍ എല്ലാ ഫീല്‍ഡിലേക്കും പോകാന്‍ പറ്റുമല്ലോ എന്നു വിചാരിച്ച് ഫിസിക്‌സും കെമിസ്ട്രിയും ബയോളജിയുംം ഗണിതവും എടുത്താല്‍ ചിലപ്പോള്‍ ബുദ്ധിമുട്ടിക്കും. കാരണം പത്താം ക്ലാസിലെ പഠനം പോലെയല്ല പ്ലസ് വണിലെ പഠനം.

സിലബസ് കട്ടിയായതുകൊണ്ട് അതു മറികടക്കാന്‍ നന്നായി വിയര്‍ക്കേണ്ടിവരും. സയന്‍സില്‍ തന്നെ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴുസികളിലേക്കും എന്‍ജിനീയറിങ് മേഖലയിലേക്കും കംപ്യൂട്ടര്‍ മേഖലകളിലേക്കും ശാസ്ത്ര മേഖലകളിലേക്കും തിരിയാവുന്നതാണ്.

 

കോംപിനേഷന്‍ തെരഞ്ഞെടുക്കുമ്പോള്‍

 

ബയോളജി ഉള്‍പ്പെടുന്ന കോംപിനേഷന്‍ എടുത്താല്‍ പ്ലസ്ടു കഴിഞ്ഞ് എന്‍ട്രന്‍സിനു നല്ല റാങ്കോടെ മറികടന്നാല്‍ രാജ്യത്തെ പ്രധാന മെഡിക്കല്‍ സ്ഥാപനങ്ങളായ എയിംസ്, ജിപ്മര്‍, എ.എഫ്.എം.സി, സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ എം.ബി.ബി.എസ്, ഡെന്റല്‍, ആയൂര്‍വേദം, ഹോമിയോ, സിദ്ധ, യൂനാനി, വെറ്ററിനറി സയന്‍സ് എന്നിവ പഠിക്കാം. മെഡിക്കല്‍ താല്‍പര്യമില്ലാത്ത കുട്ടികള്‍ക്ക് മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളായ ഫിഷറീസ്, ഫോറസ്ട്രീസ്, അഗ്രികള്‍ച്ചര്‍, ബി.എസ്.സി ബാങ്കിങ് ആന്‍ഡ് കോപറേഷന്‍, ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വിയോണ്‍മെന്റല്‍ സയന്‍സ്, തൃശൂര്‍ കാര്‍ഷിക യൂനിവേഴ്‌സിറ്റിയിലെ ബി.ടെക്ക് ബയോടെക്‌നോളജി എന്നിവയില്‍ പഠിക്കാം. സയന്‍സിലെ ഏതു കോംപിനേഷന്‍ എടുത്താലും ഫിസിക്‌സും കെമിസ്ട്രിയും നിര്‍ബന്ധമായും പഠിക്കേണ്ടതുണ്ട് എന്ന കാര്യം മറക്കരുത്.

 

കാരണം ഫിസിക്‌സും കെമിസ്ട്രിയും ഒട്ടും താല്‍പര്യമില്ലാത്ത കുട്ടികള്‍ ബയോളജി മാത്രം ഇഷ്ടപ്പെട്ട് കോംപിനേഷന്‍ തെരഞെടുത്താല്‍ ഉദ്ദേശിച്ച റിസല്‍ട്ട് ലഭിക്കില്ല. ഗണിതമുള്ള കോംപിനേഷന്‍ എടുത്താല്‍ രാജ്യത്തെ പ്രധാന ദേശീയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷകളായ ജെ.ഇ.ഇ മെയിന്‍, ജെ.ഇ.ഇ അഡ്വാന്‍സ്ഡ്, ബിറ്റ്‌സാറ്റ്, കേരളത്തിലെ കീം എന്നിവ എഴുതി എന്‍ജിനീയറിങ് ഫീല്‍ഡ് തെരഞ്ഞെടുക്കാം. ഫിസിക്‌സും ഗണിതവും നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുന്നവര്‍ക്കു മാത്രമേ എന്‍ജിനീയറിങ് ഫീല്‍ഡില്‍ തിളങ്ങാന്‍ ചെയ്യാന്‍ കഴിയൂ. ഒരു കോംപിനേഷനില്‍ 4 വിഷയമാണുള്ളത്. കൂടാതെ ഇംഗ്ലിഷും ഒരു സെക്കന്റ് ലാംഗ്വേജും ഉള്‍പ്പെടെ മൊത്തം 6 വിഷയങ്ങള്‍ പഠിക്കണം.

 

കൊമേഴ്‌സില്‍ നാല് കോംപിനേഷന്‍സ് ആണ് ഉള്ളത്. ബിസിനസ് മേഖലയിലേക്ക്, അക്കൗണ്ടന്‍സിയുടെ ഉയരങ്ങളിലേക്ക്, സാമ്പത്തിക ശാസ്ത്രത്തിന്റെ കടിഞാണ്‍ നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്ന, കംപ്യൂട്ടര്‍ അപ്ലിക്കേഷനിലൂടെ സഞ്ചരിക്കാന്‍ പാഷനുള്ള കുട്ടികള്‍ക്ക് കൊമേഴ്‌സ് നല്ലൊരു ഓപ്ഷനാണ്. അക്കൗണ്ടിങ്, അഡ്മിനിസ്‌ട്രേഷന്‍ രംഗത്തുംം ബാങ്കിങ് ഫീല്‍ഡിലും ഫിനാന്‍സ് കരിയറും സ്വപ്നം കാണുന്ന കുട്ടികള്‍ കൊമേഴ്‌സ് എടുത്താല്‍ തിരിഞ്ഞുനോക്കേണ്ടതില്ല. ഇവിടെ എക്കണോമിക്‌സും ബിസിനസ് സ്റ്റഡീസും അക്കൗണ്ടന്‍സിയും എല്ലാവരും പഠിക്കണം. കൂടാതെ മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, പോളിറ്റിക്കല്‍ സയന്‍സ്, കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ നാലു വിഷയങ്ങളില്‍നിന്ന് ഒന്ന് പഠിക്കണം. കോംപിനേഷന്‍ തെരഞെടുക്കുമ്പോള്‍ ഇഷ്ട വിഷയത്തിനും താല്‍പര്യത്തിനും മുന്‍ഗണന കൊടുക്കുക.

 

മാനവിക വിഷയങ്ങള്‍ പഠിച്ച് കരിയറില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് ഹ്യൂമാനിറ്റീസ്. എക്കണോമിസ്റ്റും സോഷ്യോളജിസ്റ്റും സോഷ്യല്‍ വര്‍ക്കറും സൈക്കോളജിസ്റ്റും ജേണലിസ്റ്റും നിയമവിദഗ്ധനും ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാമര്‍ കരിയറായ സിവില്‍ സര്‍വിസിലേക്കുചേക്കേറാന്‍ പോലും മാനവിക വിഷയങ്ങള്‍ നിങ്ങളെ ഏറെ സഹായിക്കും. മാനവിക വിഷയങ്ങളില്‍ 32 കോംപിനേഷനുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.hscap.kerala.gov.in.

 

2. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി

 

ഹയര്‍ സെക്കന്‍ഡറി കോഴ്‌സിനോപ്പം തൊഴിലധിഷ്ടിത കോഴ്‌സ് കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള കോഴ്‌സാണിത്. സ്‌കില്‍ സര്‍ട്ടിഫിക്കേറ്റ്, ഇന്റേണ്‍ഷിപ്പ്, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്, ഓണ്‍ ദ ജോബ് ട്രെയിനിങ്, കരിയര്‍ ഗൈഡന്‍സ് എല്ലാം വി.എച്ച്.എസ്.ഇ കോഴ്‌സ് പഠിക്കുന്ന കുട്ടികള്‍ക്ക് ലഭിക്കുന്നതാണ്. കൂടാതെ ഹയര്‍സെക്കന്‍ഡറി കോഴ്‌സ് കഴിഞാല്‍ പോകാന്‍ പറ്റുന്ന എല്ലാ ഉപരിപഠന മേഖലകളിലേക്കും വി.എച്ച്.എസ്.ഇ യില്‍ എടുക്കുന്ന ഗ്രൂപ്പിന്റെ അടിസ്ഥാനത്തില്‍ പഠിക്കാന്‍ കഴിയും. അതായത് വി.എച്ച്.എസ്.സിയില്‍ പാര്‍ട്ട് മൂന്നില്‍ രണ്ടാം ഗ്രൂപ്പായ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എടുത്താല്‍ വി.എച്ച്.എസ്.സി കഴിഞ്ഞാല്‍ മെഡിക്കല്‍ മേഖലയിലാണ് താല്‍പര്യമെങ്കില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതി മുന്നോട്ടുപോകാം. അതെല്ലെങ്കില്‍ സി.യു.ഇ.ടി എഴുതി സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളില്‍ ഡിഗ്രി പഠിക്കാം. അതുമെല്ലങ്കില്‍ വി.എച്ച്.എസ്.ഇ കോഴ്‌സില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഡിഗ്രിക്ക് പഠിക്കാം. പ്ലസ് ടുവില്‍ പഠിക്കുന്ന കുട്ടിക്ക് കിട്ടുന്ന എല്ലാ ഉപരിപഠന സാധ്യതകളും വി.എച്ച്.എസ്.സിയില്‍ പഠിക്കുന്ന കുട്ടിക്കും ലഭിക്കും.

 

ഭാഗം 1 ഇംഗ്ലിഷ് & സംരംഭകത്വ വികസനം എല്ലാ വിദ്യാര്‍ഥികള്‍ക്കും നിര്‍ബന്ധം

 

ഭാഗം 2 വൊക്കേഷണല്‍ വിഷയം (നൈപുണ്യ കോഴ്‌സ്) NSQF (നാഷനല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക്) സര്‍ട്ടിഫിക്കേഷന്‍ & പ്രായോഗിക പരിശീലനം

 

ഭാഗം 3 അക്കാദമിക് വിഷയങ്ങള്‍ 4 ഗ്രൂപ്പുകളായി വിഭജിച്ചിരിക്കുന്നു

ഗ്രൂപ്പ് A (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്) സയന്‍സ് സ്ട്രീം

ഗ്രൂപ്പ് B (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി) സയന്‍സ് സ്ട്രീം

ഗ്രൂപ്പ് C ചരിത്രം / ഭൂമിശാസ്ത്രം / സാമ്പത്തികശാസ്ത്രം 1 നൈപുണ്യ കോഴ്‌സ് ഉദാഹരണം: ടൂര്‍ ഗൈഡ്

ഗ്രൂപ്പ് D അക്കൗണ്ടന്‍സി / ബിസിനസ് സ്റ്റഡീസ് / മാനേജ്‌മെന്റ് 5 നൈപുണ്യ കോഴ്‌സുകള്‍ കൊമേഴ്‌സ് സ്ട്രീം.

ഇവിടെയും സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങള്‍ പഠിക്കാന്‍ അവസരമുണ്ട്. ഇതിനുപുറമെ പാര്‍ട്ട് രണ്ടില്‍ 35 വൊക്കേഷനല്‍ കോഴ്‌സുകളില്‍നിന്ന് താല്‍പര്യമുള്ള ഒരു തൊഴിലധിഷ്ടത കോഴ്‌സും പഠിക്കാം. ഇവിടെ ഉപഭാഷ പഠിക്കാന്‍ കഴിയില്ല. www.vhscap.kerala.gov.in

 

3. ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി

 

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കേരളത്തില്‍ ആകെ 15 ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് നിലവിലുള്ളത്. ഫിസിക്കല്‍ സയന്‍സ്, ഇന്റഗ്രേറ്റഡ് സയന്‍സ് എന്നീ വിഭാഗങ്ങളിലായി പ്ലസ്ടുവിനോടൊപ്പം സാങ്കേതിക വിഷയങ്ങളും പഠിക്കാന്‍ കഴിയും.

 

ഫിസിക്കല്‍ സയന്‍സ് 1425 സീറ്റുകള്‍

 

A ഫിസിക്കല്‍ സയന്‍സ് ഗ്രൂപ്പ്

ഭാഗം 1: ഇംഗ്ലിഷ്

ഭാഗം 2: കംപ്യൂട്ടര്‍ സയന്‍സ് & ഐ.ടി (തിയറി & പ്രായോഗികം)

ഭാഗം 3:

• ഭൗതികശാസ്ത്രം (തിയറി & പ്രായോഗികം)

• രസതന്ത്രം (തിയറി & പ്രായോഗികം)

• ഗണിതം

• ഇലക്ട്രോണിക് സിസ്റ്റങ്ങള്‍ (തിയറി & പ്രായോഗികം)

• ഇന്റഗ്രേറ്റഡ് സയന്‍സ് 845 സീറ്റുകള്‍

B ഇന്റഗ്രേറ്റഡ് സയന്‍സ് ഗ്രൂപ്പ്

ഭാഗം 1: ഇംഗ്ലിഷ്

ഭാഗം 2: കംപ്യൂട്ടര്‍ സയന്‍സ് & ഐ.ടി (തിയറി & പ്രായോഗികം)

ഭാഗം 3:

• ഭൗതികശാസ്ത്രം (തിയറി & പ്രായോഗികം)

• രസതന്ത്രം (തിയറി & പ്രായോഗികം)

• ഗണിതം

• ജീവശാസ്ത്രം (തിയറി & പ്രായോഗികം)

ഒരു ഗ്രൂപ്പില്‍നിന്ന് മറ്റൊരു ഗ്രൂപ്പിലേക്ക് അല്ലെങ്കില്‍ ഒരു സ്‌കൂളില്‍നിന്ന് മറ്റൊരു സ്‌കൂളിലേക്ക് മാറ്റം അനുവദനീയമല്ല. ഓരോ സ്‌കൂളിനും വ്യത്യസ്തമായ അപേക്ഷ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കേണ്ടതാണ്. പ്രിന്റ് ഔട്ട് എടുത്ത് അതേ സ്‌കൂളിലെ പ്രിന്‍സിപ്പലിനു സമര്‍പ്പിക്കണം. അപേക്ഷാ ഫീസ്: സാധാരണ വിഭാഗം: 100 രൂപ. SC/ST: 50. ആകെ ഫീസ്: 12,900.

 

4. കേരളാ കലാമണ്ഡലം കോഴ്‌സുകള്‍

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകവും ഒരുമിച്ചും ചെയ്യാന്‍ കഴിയുന്ന കോഴ്‌സുകള്‍ ഇവിടെയുണ്ട്. കഥകളി വേഷം (വടക്കന്‍,തെക്കന്‍), കഥകളി സംഗീതം, ചെണ്ട, മദ്ദളം, മിഴാവ്, തിമില, പഞ്ചവാദ്യം, മൃദങ്കം, കൂടിയാട്ടം, പുരുഷവേഷം, ചുട്ടിഎന്നിവ ആണ്‍കുട്ടികള്‍ക്കു മാത്രമുള്ള കോഴ്‌സാണ്. തുള്ളല്‍, കര്‍ണാടക സംഗീതം എന്നിവയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. കൂടിയാട്ടം, സ്ത്രീവേഷം, മോഹിനിയാട്ടം എന്നിവ പെണ്‍കുട്ടികള്‍ക്കു മാത്രമുള്ള കോഴ്‌സാണ്. info@kalamandalam.ac.in. ഇതിന് പുറമെ സി.ബി.എസ്.ഇ, ഐ.സി.എസ് സി.ഇ, നിയോസ്,കേരള ഓപണ്‍ സ്‌ക്കൂള്‍ എന്നിവയിലൂടെയും ഹയര്‍സെക്കന്‍ഡറി പഠിക്കാന്‍ സാധിക്കും.

 

5. പോളിടെക്‌നിക് കോഴ്‌സുകള്‍

 

ഡിപ്ലോമ കോഴ്‌സുകളില്‍ പ്രധാനമായും പോളിടെക്‌നിക് കോഴ്‌സുകളാണ് മുന്നില്‍ നില്‍ക്കുന്നത്. സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍, ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ (AICTE) അംഗീകൃത കോഴ്‌സ്. 23 ബ്രാഞ്ചുകളില്‍ ഡിപ്ലോമ കോഴ്‌സ്, 3 വര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ലോമ, 52 സര്‍ക്കാര്‍/എയ്ഡഡ് പോളിടെക്‌നിക് കോളജുകള്‍, 32 സ്വാശ്രയ പോളിടെക്‌നിക് കോളജുകള്‍, 6 വനിതാ പോളിടെക്‌നിക് കോളജുകള്‍ ആകെ സീറ്റുകള്‍: 16,105.

 

പ്രധാന സ്ട്രീമുകള്‍

 

ഡിപ്ലോമ ഇന്‍ എന്‍ജിനീയറിങ്. കൊമേഴ്‌സല്‍ പ്രാക്ടീസ്. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ .ബിസിനസ്സ് മാനേജ്‌മെന്റ്. വെബ്‌സൈറ്റ്: www.polyadmission.org.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.