സ്വർണവിലയില്‍ ഇന്നും ഇടിവ് : ഇന്ന് 480 രൂപ കുറഞ്ഞു

കൽപ്പറ്റ : സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു.
ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 8225 രൂപയായി. പവന് 65,800 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അടുത്തിടെ സ്വർണവില സർവകാല റെക്കോർഡുകള്‍ ഭേദിച്ച് മുന്നേറിയതിന് ശേഷമാണ് ഇപ്പോള്‍ ഇത്രയധികം വില കുറഞ്ഞിരിക്കുന്നത്.
സംസ്ഥാനത്തെ സ്വർണവ്യാപാരി സംഘടനകള്‍ക്കിടയില്‍ 22 കാരറ്റ് സ്വർണത്തിന് ഏകീകൃത വിലയാണെങ്കിലും, 18 കാരറ്റ് സ്വർണത്തിന്റെ വില നിർണയത്തില്‍ ഇപ്പോഴും വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കെ സുരേന്ദ്രൻ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസർ സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മെർച്ചന്റ്സ് അസോസിയേഷൻ (AKGSMA) 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 50 രൂപ കുറച്ച് 6745 രൂപയും പവന് 400 രൂപ കുറച്ച് 53960 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.
എന്നാല്‍, ഡോ. ബി ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റുമായുള്ള മറ്റൊരു ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മെർച്ചന്റ്സ് അസോസിയേഷൻ (AKGSMA) 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6780 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഈ സംഘടനയുടെ കണക്കനുസരിച്ച് ഒരു പവന് 400 രൂപ കുറഞ്ഞ് 54240 രൂപയാണ് വില.
അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമൊന്നുമില്ല. സാധാരണ വെള്ളിയുടെ വില ഗ്രാമിന് 102 രൂപയില്‍ തുടരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് 68,000 രൂപ വരെ ഉയർന്ന സ്വർണവിലയാണ് ഇപ്പോള്‍ താഴേക്ക് പതിച്ചിരിക്കുന്നത്. ഈ ഇടിവിന് പിന്നിലെ പ്രധാന കാരണം അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുവ നയങ്ങളാണ്. ഈ നയങ്ങള്‍ അന്താരാഷ്ട്ര സ്വർണ വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുകയും അത് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുകയും ചെയ്തു. വരും ദിവസങ്ങളിലും സ്വർണവിലയില്‍ മാറ്റങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്.