ആശ്വാസം : തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ ഇടിവ്

കൽപ്പറ്റ : സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. കുത്തനെയുള്ള ഇടിവാണ് സ്വർണവിലയില്‍ ഉണ്ടാകുന്നത്. പവന് ഇന്ന് 720 രൂപയാണ് കുറഞ്ഞത്. ഇന്നലെ 1280 രൂപ കുറഞ്ഞിരുന്നു. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് സ്വർണവിലയിലുണ്ടായിരിക്കുന്നത്. കേരളത്തില്‍ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില 66480 രൂപയാണ്.
ട്രംപിന്റെ താരിഫ് നയ പ്രഖ്യാപനത്തോടു കൂടി വ്യാപാര യുദ്ധം രൂക്ഷമായി. ഇതോടെ ആഗോള മാന്ദ്യ ആശങ്കകള്‍ക്ക് ആക്കം കൂടി. മാന്ദ്യത്തില്‍ നിന്നുള്ള നഷ്ടം നികത്താൻ നിക്ഷേപകർ സ്വർണം വിറ്റഴിച്ചു. ഇതാണ് നിലവില്‍ സ്വർണവില കുത്തനെ കുറയാനുള്ള കാരണം. ഇന്നലെയും ഇന്നുമായി 2000 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണവില 67000 ത്തിന് താഴെയെത്തി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8310 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6810 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 102 രൂപയാണ്.