ഏപ്രില്‍ മാസത്തില്‍ കേരളത്തിലും കര്‍ണാടകയിലും ഉരുള്‍പൊട്ടലിന് സാധ്യത ; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ വകുപ്പ്

ഡല്‍ഹി : ഏപ്രില്‍ മാസത്തില്‍ കേരളത്തിലും കർണാടകയിലും ചിലയിടങ്ങളില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ വേനല്‍ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹാപാത്ര അറിയിച്ചു.
മഴ തുടരുന്ന സാഹചര്യത്തിലാണ് ഉരുള്‍പൊട്ടലില്‍ സാധ്യത മുൻപില്‍ കാണുന്നത്. കേരളത്തില്‍ ഏപ്രില്‍ നാല് വരെ ശക്തമായ വേനല്‍ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രിലില്‍ വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്. ഏപ്രില്‍ മൂന്ന്, നാല് തീയതികളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടി.
ഏപ്രില്‍ മൂന്നിന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാലിന് എറണാകുളം, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് 1 പറയുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ ആലപ്പുഴ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിനാല്‍ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടെയുള്ള മഴയായതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.