April 2, 2025

ഇന്ന് പവന് 680 രൂപ കൂടി : 68000 കടന്ന് സര്‍വകാല റെക്കോര്‍ഡുകളും പിന്നിട്ട് സ്വർണവില വൻ കുതിപ്പിൽ

Share

 

കൽപ്പറ്റ : സംസ്ഥാനത്ത് ഏപ്രില്‍ ആദ്യദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഏഴ് ദിവസത്തിനിടെ 2600 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയതോടെ സ്വര്‍ണവില 68000 രൂപ കടന്ന് സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്.സ്വര്‍ണ വ്യാപാരി സംഘടനകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, 22 കാരറ്റ് സ്വര്‍ണത്തിന് ഇരു സംഘടനകളും ഒരേ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്.

 

ഇന്ന് 85 രൂപയുടെ വര്‍ധനവാണ് ഗ്രാമിന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 8510 രൂപയായി ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 680 രൂപ കൂടി 68080 രൂപയിലെത്തി.

 

18 കാരറ്റ് സ്വര്‍ണത്തിന്റെ കാര്യത്തില്‍ വ്യാപാരി സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത വിലകളാണ് നിലനില്‍ക്കുന്നത്. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ വര്‍ദ്ധിപ്പിച്ച്‌ 6980 രൂപയായി വില നിശ്ചയിച്ചു. ഇവരുടെ കണക്കനുസരിച്ച്‌ ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 560 രൂപ വര്‍ധിച്ച്‌ 55840 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയും വര്‍ധിപ്പിച്ചു. 111 രൂപയില്‍നിന്ന് ഒരു രൂപ വര്‍ധിപ്പിച്ച്‌ 112 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

 

 

 

അതേസമയം, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂട്ടി 7020 രൂപയാണ് വില നിര്‍ണയിച്ചിരിക്കുന്നത്. ഈ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 560 രൂപയുടെ വര്‍ദ്ധനവോടെ 56160 രൂപയാണ് വില. വെള്ളിനിരക്കില്‍ മാറ്റമില്ല. 112 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

 

അന്താരാഷ്ട്ര സ്വര്‍ണവില 3017 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 85.47 ലും ആണ്. ഇന്ത്യന്‍ സ്വര്‍ണാഭരണ വിപണിയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് 90 ലക്ഷം രൂപ ചരിത്രത്തില്‍ ആദ്യമായി കടന്നിട്ടുണ്ട്. ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 73000 രൂപയ്ക്ക് മുകളില്‍ നല്‍കണം.

 

സ്വര്‍ണ്ണവിലവര്‍ദ്ധനവ് ഇന്ത്യയിലെ ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യവും വര്‍ദ്ധിപ്പിക്കുന്നു. 25000 മുതല്‍ 30000 ടണ്‍ വരെ സ്വര്‍ണമാണ് ജനങ്ങളുടെ കൈവശമുള്ളത്. അന്താരാഷ്ട്ര സ്വര്‍ണവില 3200 ഡോളറിലേക്കുള്ള കുതിപ്പ് തുടരുകയാണെന്ന സൂചനകളാണ് വരുന്നത്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.