സംസ്ഥാനത്ത് മോട്ടോര്‍ വാഹന നികുതി വര്‍ധിപ്പിച്ചു : 15 വർഷം കഴിഞ്ഞ വാഹനങ്ങള്‍ക്കും ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും നികുതി കൂടും

കൽപ്പറ്റ : സംസ്ഥാനത്ത് മോട്ടോർ വാഹന നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ വാഹനങ്ങള്‍ക്കും ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും നികുതി കൂടും.വർധിപ്പിച്ച നികുതി ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരും.
രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ 15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ പുതുക്കുന്നതിനുള്ള അഞ്ചു വർഷത്തെ നികുതിയില്‍ വൻ വർധന വരുത്തി. മോട്ടോർ സൈക്കിളുകള്‍ക്കും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന മുച്ചക്രവാഹനങ്ങള്‍ക്കും അഞ്ചുവർഷത്തേക്കുള്ള നികുതി 900 രൂപയില്‍നിന്ന് 1350 രൂപയായി വർധിപ്പിച്ചു.
780 കിലോഗ്രാം വരെയുള്ള മോട്ടോർ കാറുകളുടെ അഞ്ചുവർഷത്തേക്കുള്ള നികുതി 6,400 രൂപയില്‍നിന്ന് 9600 രൂപയായും 1500 കിലോ വരെയുള്ള മോട്ടോർ കാറുകളുടെ നികുതി 8,600 രൂപയില്‍നിന്ന് 12,900 രൂപയായും വർധിപ്പിച്ചു. 1500 കിലോയ്ക്കു മുകളിലുള്ള മോട്ടോർകാറുകളുടെ നികുതി 10,600 രൂപയില്‍നിന്ന് 15,900 രൂപയായി വർധിപ്പിച്ചു.
15 ലക്ഷം വരെയുള്ള ഇലക്‌ട്രിക് മോട്ടോർ കാറുകളുടെ നികുതി അഞ്ചു ശതമാനമായും 20 ലക്ഷം വരെയുള്ള ഇലക്‌ട്രിക് മോട്ടോർ കാറുകള്‍ക്ക് നികുതി എട്ട് ശതമാനമായും 20 ലക്ഷത്തിനു മുകളില്‍ കാറുകള്‍ക്ക് നികുതി 10 ശതമാനമായും ഉയർത്തി.
12 വരെ യാത്രക്കാർ യാത്രചെയ്യുന്ന കോണ്‍ട്രാക്‌ട് കാരേജുകളുടെ നികുതി 350 രൂപയും 20 പേർ യാത്രചെയ്യുന്ന വാഹനങ്ങളുടെ സീറ്റ് ഒന്നിന് 600 രൂപയും 20 നു മുകളില്‍ യാത്രചെയ്യുന്നവർ സീറ്റ് ഒന്നിന് 900 രൂപയുമായി നിശ്ചയിച്ചു. മൂന്നു മാസത്തേക്കാണ് ഈ നികുതി അടയ്ക്കേണ്ടത്.സ്ലീപ്പർ ബർത്തുകള്‍ ഘടിപ്പിച്ച കോണ്‍ട്രാക്‌ട് കാരേജുകളുടെ നികുതി 1500 രൂപയായി ഉയർത്തി.
ഇത്തരം വാഹനങ്ങളില്‍ ബർത്തുകള്‍ക്കൊപ്പം സീറ്റുകളും ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ ഓരോ ബർത്തിനും 1500 രൂപ നിരക്കിലും സീറ്റുകള്‍ക്ക് 900 രൂപ നിരക്കിലും നികുതി ഈടാക്കും.
ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്ത് കേരളത്തിലേക്കു പ്രവേശിക്കുന്ന കോണ്‍ട്രാക്‌ട് കാരേജ് വാഹനങ്ങള്‍ക്ക് സീറ്റ് ഒന്നിന് 2500 രൂപയായും നിശ്ചയിച്ചു. എന്നാല്‍, ഓർഡിനറി പെർമിറ്റുള്ള സ്റ്റേജ് കാരേജ് വാഹനങ്ങളുടെയും ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, എക്സ്പ്രസ് പെർമിറ്റുള്ള വാഹനങ്ങളുടെയും നികുതിയില്‍ കുറവും വരുത്തിയിട്ടുണ്ട്.