March 13, 2025

പ്രമേഹരോഗികള്‍ക്ക് ആശ്വാസം : 60 രൂപയുടെ മരുന്ന് ഇനി ആറ് രൂപയ്ക്ക് ലഭ്യമാകും

Share

 

പ്രമേഹചികിത്സയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന മരുന്ന് ഏറ്റവും വിലകുറച്ച്‌ വാങ്ങാനുള്ള അവസരമൊരുങ്ങി. ജർമൻ മരുന്ന് കമ്ബനിയായ ബറിങ്ങർ ഇങ്ങല്‍ഹൈം വികസിപ്പിച്ച എംപാഗ്ലിഫോസിൻ എന്ന മരുന്നാണ് വിപണിയിലേക്ക് വിലക്കുറവില്‍ എത്തുന്നത്. എംപാഗ്ലിഫോസിന്റെ മേലുള്ള പേറ്റന്റിന്റെ കാലാവധി മാർച്ച്‌ 11ന് അവസാനിച്ചിരുന്നു. ഇതോടെ മരുന്നിന്റെ ജനറിക് പതിപ്പ് വിപണിയിലെത്തി തുടങ്ങി. ഇന്ത്യൻ ഔഷധ വിപണിയിലെ വമ്ബന്മാരായ മാൻകൈൻഡ് ഫാർമ, ലൂപിൻ, ആല്‍കെം ലബോറട്ടറീസ്, ഗ്ലെൻമാർക്ക് തുടങ്ങിയ കമ്ബനികളാണ് എംപാഗ്ലിഫോസിന്റെ ജനറിക് പതിപ്പ് വിപണിയിലെത്തിക്കുന്നത്.

 

എംപാഗ്ലിഫോസിന്റെ 10 മില്ലിഗ്രാമിന്റെ ഒരു ടാബ്ലറ്റിന് മുമ്ബ് ഇന്ത്യയില്‍ 60 രൂപയോളമായിരുന്നു വില. പേറ്റന്റ് അവസാനിച്ചതോടെ ഇത് ആറുരൂപയില്‍ താഴെ ലഭിക്കാനുള്ള വഴിയാണ് തുറന്നുകിട്ടിയത്. ഇതിന്റെ 25 മില്ലിഗ്രാം ടാബ്ലറ്റിന് 10 രൂപയോളം മാത്രമാണ് പുതിയവില. മുമ്ബ് മരുന്നിന് നല്‍കേണ്ടി വന്നിരുന്ന തുകയുടെ പത്തിലൊന്നായി വിലകുറയുമെന്ന് സാരം.

 

പാൻക്രിയാസിന്റെ പ്രവർത്തനത്തിലെ അപാകത മൂലമുണ്ടാകുന്ന ടൈപ്പ്-2 പ്രമേഹരോഗികള്‍ക്കാണ് ഈ മരുന്ന് നല്‍കുന്നത്. വൃക്കയില്‍ നിന്ന് രക്തത്തിലേക്ക് ഗ്ലൂക്കോസിന്റെ പുനരാഗിരണം തടയുന്ന മരുന്നാണ് എംപാഗ്ലിഫോസിൻ. സോഡിയം- ഗ്ലൂക്കോസ്- കോ-ട്രാൻസ്പോർട്ടർ-2 ഇൻഹിബിറ്റർ ( എസ്.ജി.എല്‍.ടി-2) വിഭാഗത്തില്‍ വരുന്ന മരുന്നാണ് എംപാഗ്ലിഫോസിൻ. പ്രമേഹരോഗികളില്‍ രക്തത്തിലെ ഗ്ലൂക്കോസ് നില ക്രമാതീതമായി ഉയരുന്നത് മരുന്ന് തടയുന്നു. മൂത്രത്തിലൂടെ അധികമായി വരുന്ന ഗ്ലൂക്കോസ് പുറന്തള്ളാൻ ഇത് സഹായിക്കുകയും ചെയ്യും.

 

മാത്രമല്ല പ്രമേഹരോഗികളില്‍ ഹൃദയാഘാതം, വൃക്ക തകരാർ തുടങ്ങിയ സങ്കീർണതകള്‍ ഉണ്ടാകുന്നത് പ്രതിരോധിക്കാനും എംപാഗ്ലിഫോസിൻ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇന്ത്യയില്‍ ആകെ 10 കോടിയോളം പ്രമേഹരോഗികള്‍ ഉണ്ടെന്നാണ് കണക്കുകള്‍. വിലകുറഞ്ഞ മികച്ച മരുന്ന് വിപണിയില്‍ ലഭ്യമാകുന്നതോടെ ചികിത്സാ ചെലവില്‍ വലിയ ആശ്വാസമാണ് ഇതുവഴിയുണ്ടാകുന്നത്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.