എക്സൈസ് ഉദ്യോഗസ്ഥനെ സ്കൂട്ടറിടിച്ച് അപായപ്പെടുത്താൻ ശ്രമം ; ഒരാൾകൂടി പിടിയിൽ

മാനന്തവാടി : വാഹന പരിശോധന നടത്തുകയായിരുന്നു എക്സൈസ് ഉദ്യോഗസ്ഥനെ സ്കൂട്ടറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാമനും പോലീസ് പിടിയിൽ. അഞ്ചാംമൈൽ പന്നിയിൽ മുഹമ്മദ് സാദിഖ് (24) ആണ് തിരുനെല്ലി പോലീസിന്റെ കസ്റ്റഡിയിലുള്ളത്. സംഭവത്തിൽ ഒന്നാംപ്രതി ചേർത്ത അഞ്ചാംമൈൽ കാട്ടിൽ വീട്ടിൽ ഹൈദർ അലി (28) കഴിഞ്ഞദിവസംമുതൽ പോലീസ് കസ്റ്റഡിയിലാണ്. പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഹൈദർഅലിയുടെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തിയേക്കും. വെള്ളിയാഴ്ച രാത്രി 8.20-ഓടെ കാട്ടിക്കുളം രണ്ടാംഗേറ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് ബാവലി ഭാഗത്തുനിന്നെത്തിയ വാഹനത്തിന് കൈകാണിച്ച സിവിൽ എക്സൈസ് ഓഫീസർ ഇ.എസ്. ജെയ്മോനെ വാഹനമിടിച്ചിട്ട് കടന്നുകളഞ്ഞത്. ഹൈദർ അലിയാണ് വാഹനം ഓടിച്ചിരുന്നത്.
താടിയെല്ലിനും പല്ലുകൾക്കും ക്ഷതമേറ്റ ജെയ്മോൻ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ വാഹനം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് അടുത്ത ദിവസംതന്നെ കസ്റ്റഡിയിലെടുക്കും.