എക്സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിപ്പിച്ച് പരിക്കേൽപ്പിച്ചു : യുവാവ് കസ്റ്റഡിയിൽ

മാനന്തവാടി : എക്സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചയാൾ പോലീസ് കസ്റ്റഡിയിൽ. അഞ്ചാം മൈൽ കാട്ടിൽവീട്ടിൽ ഹൈദർ അലി (28) യാണ് തിരുനെല്ലി പോലീസിന്റെ കസ്റ്റഡിയിലുള്ളത്. അപകടത്തിനുശേഷം മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ ഹൈദർ അലിയെ വെള്ളിയാഴ്ച രാത്രിതന്നെ പോലീസ് കണ്ടെത്തിയിരു ന്നു. പിന്നീട് വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയിൽനിന്ന് വിടുതൽ ചെയ്തശേഷം ശനിയാഴ്ച ഉച്ചയോടെ അറസ്റ്റുനടപടികൾ പൂർത്തിയാക്കാൻ പോലീസ് ശ്രമിച്ചെങ്കിലും വേദനയുണ്ടെന്നു ഹൈദർ അലി പറഞ്ഞതിനാൽ ആശുപത്രിയിൽത്തന്നെയാണുള്ളത്. പോലീസ് ഓഫീസർമാരുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.
ഹൈദർ അലിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ആളെ സംബന്ധിച്ചും വ്യക്തമായ വിവരം ലഭിച്ചതായും അടുത്തദിവസംതന്നെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 8.20-ഓടെ കാട്ടിക്കുളം രണ്ടാംഗേറ്റിൽവെച്ചാണ് ഹൈദർ അലി ഓടിച്ച സ്കൂട്ടർ എക്സൈസ് ഉദ്യോഗസ്ഥനുനേരേ ഇടിച്ചുകയറ്റി അപായപ്പെടുത്താൻ ശ്രമിച്ചത്. മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ഇ.എസ്. ജെയ്മോനാണ്
സാരമായി പരിക്കേറ്റത്. താടിയെല്ലിനും പല്ലുകൾക്കും ക്ഷതം സംഭവിച്ച ജെയ്മോനെ ആദ്യം വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് മേപ്പാടി വിംസ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെ
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. ജെയ്മോൻ അപകടനില തരണം ചെയ്തിട്ടുണ്ട്. മൂന്നാഴ്ചയിലധികം ചികിത്സവേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എക്സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച ഹൈദർ അലി മുൻപും മൂന്നു എൻ.ഡി.പി.എസ്. കേസുകളിലുൾപ്പെട്ടയാളാണെന്നു പോലീസ് പറഞ്ഞു.
എക്സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ചപ്പോൾ ഹൈദർ അലിയും കൂടെയുണ്ടായിരുന്നയാളും റോഡിലേക്ക് തെറിച്ചു വീണിരുന്നു. എന്തിനാണ് ഉദ്യോഗസ്ഥരെ കണ്ടപ്പോൾ വാഹനം നിർത്താതെ അതിവേഗത്തിൽ ഓടിച്ചുപോയതെന്നതിനെക്കുറിച്ചു പോലീസ് നടത്തുന്ന അന്വേഷണം അന്വേഷണത്തിലൂടെയേ വ്യക്തമാവൂ.
തിരുനെല്ലി സ്റ്റേഷൻ ഹൗസ് ഓഫീസർ ലാൽ സി. ബേബിയുടെ നേതൃത്വത്തിലുള്ള പോലീസാണ് കേസന്വേഷിക്കുന്നത്.