അവധിക്ക് അപേക്ഷ നല്‍കി മുങ്ങുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും പിരിച്ചുവിടും ; കടുത്ത നടപടിയുമായി ആരോഗ്യവകുപ്പ്

കൽപ്പറ്റ : ദീർഘകാല അവധിക്ക് അപേക്ഷ നല്‍കി മുങ്ങുന്ന ഡോക്ടർമാരെയും നഴ്സുമാരെയും പിരിച്ചുവിടാൻ നടപടി വേഗത്തിലാക്കി ആരോഗ്യവകുപ്പ്. കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്തെ വിവിധ ഗവ.മെഡിക്കല്‍ കോളേജുകളില്‍ നിന്ന് ഇത്തരത്തില്‍ 56 ഡോക്ടർമാരെയും 84 നഴ്‌സിംഗ് ഓഫീസർമാരെയും പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്.
എക്‌സ്പീരിയൻസിനു വേണ്ടി മാത്രമാണ് പല ഡോക്ടർമാരും മെഡിക്കല്‍ കോളേജില്‍ ജോലിക്ക് കയറുന്നത്. അഞ്ചു വർഷം ജോലിയെടുത്ത ശേഷം അവധി അപേക്ഷ നല്‍കി സ്വകാര്യ ആശുപത്രികളിലോ വിദേശത്തേക്കോ പോകുകയാണ് പതിവ്. ഇത്തരത്തിലുള്ള അപേക്ഷകള്‍ പലതും അനുവദിക്കാറില്ല. എന്നാല്‍, അപേക്ഷ നല്‍കിയതിന്റെ പിൻബലത്തില്‍ തുടർന്ന് ഇവർ ജോലിക്ക് വരാറില്ല. നോട്ടീസ് നല്‍കിയാലും ജോലിക് ഹാജരാകാറില്ല. ഇത്തരത്തില്‍ അനധികൃതമായി ഹാജരാകാത്തവരെയാണ് ഇപ്പോള്‍ പിരിച്ചുവിടുന്നത്.
ഡോക്ടർമാരുടെ അനധികൃത വിട്ടുനില്‍ക്കല്‍ മെഡിക്കല്‍ കോളേജുകളുടെ പ്രവർത്തനത്തെയും രോഗീപരിചരണത്തെയും സാരമായി ബാധിക്കുന്നതിനെ തുടർന്നാണ് ഇത്. സ്വകാര്യ പ്രാക്ടീസ് കർശനമായി നിയന്ത്രിച്ചതോടെയാണ് ഡോക്ടർമാർ കൂടുതല്‍ പണം സമ്ബാദനത്തിനായി വിദേശത്തേയ്ക്കടക്കം ചേക്കേറിയത്. തൃശൂർ മെഡിക്കല്‍ കോളേജിലടക്കം യൂറോളജി, നെഫ്രോളജി ഡിപ്പാർട്ട്‌മെന്റുകളില്‍ ഡോക്ടർമാർ അകാരണമായി അവധിയെടുത്ത് പോയതിനാല്‍ നിലവില്‍ പരിചയസമ്ബത്തുള്ള ഡോക്ടർമാരില്ല. പുതിയ ഡോക്ടർമാരെ ആണെങ്കില്‍ കിട്ടാനുമില്ല.
അവധിയെടുത്ത് നഴ്‌സുമാർ പലരും പോകുന്നത് വിദേശ രാജ്യങ്ങളിലേക്കാണ്. മെഡിക്കല്‍ കോളേജിലെയടക്കം പ്രവർത്തന പരിചയം ഉയർന്ന ശമ്ബളവും മികച്ച ആശുപത്രികളില്‍ ജോലിയും ലഭിക്കാൻ ഇത് സഹായകമാകുന്നുണ്ട്.