മാസപ്പിറ ദൃശ്യമായി ; കേരളത്തില്‍ റമദാൻ 1 ഞായറാഴ്ച

കൽപ്പറ്റ : കേരളത്തില്‍ റമദാൻ മാസപ്പിറവി ദൃശ്യമായി. ഇതോടെ ഞായറാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങള്‍, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, വി പി ശുഐബ് മൗലവി തുടങ്ങിയവർ അറിയിച്ചു.
റമദാൻ മാസത്തെ വരവേല്‍ക്കാൻ പള്ളികളും വീടുകളും ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വ്രതമനുഷ്ഠിക്കുന്ന മാസമാണ് റമദാൻ. പ്രാർഥനകളിലും ഖുർആൻ പാരായണത്തിലും സത്കർമങ്ങളിലും മുഴുകി ആത്മീയ ശുദ്ധീകരണത്തിനുള്ള അവസരമായാണ് വിശ്വാസികള്‍ ഈ മാസത്തെ കണക്കാക്കുന്നത്. പള്ളികളില്‍ പ്രത്യേക തറാവീഹ് നിസ്കാരങ്ങളും സംഘടിപ്പിക്കും.
റമദാനിലെ രാവുകള്‍ വിശ്വാസികള്‍ക്ക് ആത്മീയ പ്രഭ ചൊരിയുന്ന വേളയാണ്. നിസ്കാരങ്ങളിലും പ്രത്യേക പ്രാർത്ഥനകളിലും കുട്ടികളും മുതിർന്നവരുമടങ്ങുന്ന വലിയ ജനക്കൂട്ടം പങ്കുചേരും. റമദാൻ വിപണിയും സജീവമാണ്. വിവിധ തരം പഴങ്ങള്‍, മറ്റു ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വിപുലമായ ശേഖരം സുലഭമാണ്. നോമ്ബുതുറക്കുന്നതിനുള്ള പലഹാരങ്ങള്‍ക്കും വിപണിയില്‍ ആവശ്യക്കാർ ഏറെയാണ്.
റമദാൻ കാരുണ്യത്തിൻ്റെയും സ്നേഹത്തിൻ്റെയും മാസം കൂടിയാണ്. പാവപ്പെട്ടവർക്കും ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും സഹായമെത്തിക്കാൻ വിശ്വാസികള്‍ ഈ മാസം ഉപയോഗിക്കുന്നു. നോമ്ബുതുറ വിഭവങ്ങള്‍ പങ്കുവെച്ചും സാമ്ബത്തിക സഹായങ്ങള്‍ നല്‍കിയും അവർ സ്നേഹം പങ്കുവെക്കുന്നു. കൂടാതെ, മതപരമായ പ്രഭാഷണങ്ങളും പഠന ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്. റമദാനിലെ ഓരോ നിമിഷവും വിശ്വാസികള്‍ക്ക് വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ പ്രാർത്ഥനകളിലും സത്കർമ്മങ്ങളിലും മുഴുകി ഈ പുണ്യമാസത്തില്‍ കൂടുതല്‍ പ്രതിഫലം നേടാൻ വിശ്വാസികള്‍ ശ്രമിക്കുന്നു.