March 12, 2025

വിസ വാഗ്ദാനംചെയ്തു തട്ടിപ്പ് : ഷാനിന്റെ പേരിൽ വയനാട്ടിലും കേസ്

Share

 

മാനന്തവാടി : യു.കെ. വിസ വാഗ്ദാനംചെയ്തു തട്ടിപ്പു നടത്തിയ കൊല്ലം മുണ്ടക്കൽ ലക്ഷ്മി നഗർ ഷാൻ വില്ലയിൽ എസ്. ഷാൻ സുലൈമാ(40) ൻ്റെ പേരിൽ വയനാട്ടിലും കേസ്. മാനന്തവാടി കണിയാരം കുറ്റിമൂല സ്വദേശിയിൽ നിന്ന് നാലര ലക്ഷംരൂപ തട്ടിയെന്ന പരാതിയിലാണ് മാനന്തവാടി പോലീസ് കേസെടുത്തത്.

 

മരട്, കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലും ഷാനിൻ്റെപേരിൽ കേസുണ്ട്. മട്ടന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്ത ഷാൻ ഇപ്പോൾ കൂത്തുപറമ്പ് സബ് ജയിലിൽ തടവിലാണ്. ഇവിടെയെത്തിയാണ് മാനന്തവാടി എസ്.ഐ. എം.സി. പവനൻ ഷാനിൻ്റെ കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയത്.

 

 

ജനുവരി 22-ന് മുഴക്കുന്ന് പോലീസ് ഇൻസ്പെക്ടർ എ.വി. ദിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസാണ് ഷാനിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നു പിടികൂടിയത്. മുഴക്കുന്ന് എസ്.ഐ. എൻ. വിപിനും സംഘവുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കാക്കയങ്ങാട് എടത്തൊട്ടി സ്വദേശിയിൽനിന്നു 11.32 ലക്ഷം രൂപ തട്ടിയ കേസിലാണ് ഷാനിനെ മുഴക്കുന്ന് പോലീസ് അറസ്റ്റു ചെയ്തത്.

 

2022-ലാണ് കേസിനാസ്പദമായ സംഭവം. വിസ കിട്ടാതായതോടെ ഒട്ടേറെത്തവണ സമീപിച്ചപ്പോൾ നാലു ലക്ഷം രൂപ മടക്കിനൽകി. തുടർന്ന് നോർക്ക സെല്ലിനെ സമീപിക്കുകയായിരുന്നു. നോർക്ക സെൽ വഴിയാണ് മുഴക്കുന്ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്‌. വിദേശത്തേക്ക് കടന്ന ഷാനിനായി പോലീസ് ലുക്കൗട്ട് നോട്ടീസുൾപ്പെടെ പുറപ്പെടുവിച്ചിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.