March 12, 2025

കനത്ത ചൂട് : സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു ; ഉച്ചയ്ക്ക് 12 മുതൽ 3 മണിവരെ തൊഴിലാളികള്‍ക്ക് വിശ്രമം

Share

 

സംസ്ഥാനത്തെ ഉയർന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച്‌ ലേബർ കമ്മീഷണർ ഉത്രതാരവിറക്കി. ഫെബ്രുവരി 11 മുതല്‍ മെയ് 10 വരെയാണ് നിയന്ത്രണം. ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

 

തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയില്‍ 8 മണിക്കൂർ ആക്കി ജോലി സമയം ക്രമീകരിക്കണമെന്നാണ് ലേബർ കമ്മീഷണറുടെ നിർദേശം. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

 

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. നിർമ്മാണ മേഖലയിലും റോഡ് നിർമ്മാണ ജോലിക്കാർക്കിടയിലും കർശനമായി സമയക്രമീകരണം നടപ്പാക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശത്തില്‍ പറയുന്നു. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കണം. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. മാർക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ ഉണ്ടാകാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കാന് നിർദേശത്തില്‍ പറയുന്നു.

 

വിദ്യാർഥികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏല്‍ക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണെന്ന് നിർദേശത്തില്‍ പറയുന്നു. പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്ബോള്‍ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശത്തില്‍ പറയുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.