ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതരുടെ പുനരധിവാസ ആദ്യഘട്ട പട്ടികയില്‍ 242 പേര്‍ മാത്രം

മേപ്പാടി : ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരെ പുനരധിവസിപ്പിക്കേണ്ട ഒന്നാംഘട്ട ഗുണഭോക്തൃപട്ടികയ്ക്ക് ദുരന്തനിവാരണ അതോറിറ്റിയോഗം അംഗീകാരം നല്‍കി.ഒന്നാംഘട്ട പട്ടികയില്‍ 242 കുടുംബങ്ങളാണ് ഉള്‍പ്പെടുന്നത്. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവർ, വാടകയ്ക്ക് താമസിച്ചിരുന്നവർ, എസ്റ്റേറ്റുപാടികളില്‍ താമസിച്ചിരുന്നവർ തുടങ്ങിയവർക്ക് മറ്റെവിടെയും വീടില്ലായെന്നത് പരിഗണിച്ചാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
10-ാം വാർഡ് അട്ടമലയില്‍ 51 പേരും 11-ാം വാർഡ് മുണ്ടക്കൈയില്‍ 83 പേരും 12-ാം വാർഡ് ചൂരല്‍മലയില്‍ 108 കുടുംബങ്ങളുമാണ് ഗുണഭോക്തൃ പട്ടികയിലുള്ളത്. കരടുപട്ടികയില്‍ 235 കുടുംബങ്ങളും പിന്നീട് ആക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ ഏഴു കുടുംബങ്ങളും ഉള്‍പ്പെടെയാണ് 242 കുടുംബങ്ങള്‍ ഉള്‍പ്പെട്ടത്.
രണ്ടാംഘട്ട പട്ടികയും ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് അധികൃതർനല്‍കുന്ന സൂചന. രണ്ടാംഘട്ട ഗുണഭോക്തൃ പട്ടിക രണ്ട് എ ലിസ്റ്റ്, രണ്ട് ബി ലിസ്റ്റ് എന്നിങ്ങനെ രണ്ടായാണ് പ്രസിദ്ധീകരിക്കുക.
ജോണ്‍ മത്തായി റിപ്പോർട്ട് പ്രകാരം ദുരന്തമേഖലയില്‍ പോകാൻസാധിക്കാത്ത ഇടങ്ങളില്‍ (നോ ഗോണ്‍ സോണ്‍) ഉള്‍പ്പെട്ടതും നാശനഷ്ടം സംഭവിച്ചിട്ടില്ലാത്തതുമായ വീടുകളാണ് രണ്ട് എ ലിസ്റ്റിലുള്ളത്. പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും 80 കുടുംബങ്ങളാണ് ഈ പട്ടികയിലുള്‍പ്പെട്ടതെന്നാണ് സൂചന.
രണ്ട് ബി ലിസ്റ്റില്‍ ദുരന്തമേഖലയിലൂടെ മാത്രം (നോ ഗോണ്‍ സോണ്‍) എത്തിപ്പെടാവുന്ന വീടുകള്‍, ദുരന്തബാധിതപ്രദേശങ്ങളിലെ ഒറ്റപ്പെട്ടതായ വീടുകള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്. രണ്ട് ബി ലിസ്റ്റിന്റെ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ചില വിശദീകരണങ്ങള്‍ വരേണ്ടതുണ്ട്. ഇതിനായി ജില്ലാഭരണകൂടം സംസ്ഥാന സർക്കാരിനെ ബന്ധപ്പെട്ടിട്ടുമുണ്ട്. അതില്‍ വ്യക്തതവരുന്നതോടെ രണ്ടാംഘട്ട ഗുണഭോക്തൃപട്ടികയും പ്രസിദ്ധീകരിക്കുമെന്നാണറിയുന്നത്. ഇതിനുമുന്നോടിയായി പ്രാദേശികപരിശോധനയും വിവരശേഖരണവും നടക്കും.
മേപ്പാടി ഗ്രാമപ്പഞ്ചായത്ത് തയ്യാറാക്കിയ ഗുണഭോക്തൃപട്ടികയില്‍ 542 കുടുംബങ്ങളാണുണ്ടായിരുന്നത്. ദുരന്തത്തില്‍ നാശനഷ്ടം സംഭവിച്ച വീടുകളുടെ ഉടമസ്ഥർക്ക് വേറെയെവിടെയെങ്കിലും താമസയോഗ്യമായ വീട് ഇല്ലെങ്കില്‍മാത്രമേ പുനരധിവാസത്തിന് അർഹരാകൂ. വീട് ഉള്ളപക്ഷം നിലവിലെ മാനദണ്ഡപ്രകാരം വീടിന്റെ നാശനഷ്ടത്തിന് നാലുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.
പരാതികളുണ്ടെങ്കില്‍ അറിയിക്കാം
അന്തിമപട്ടിക സംബന്ധിച്ച് പരാതികളും ആക്ഷേപങ്ങളും ഉള്ളവർക്ക് സർക്കാരിന്റെ ദുരന്തനിവാരണവകുപ്പില്‍ സമർപ്പിക്കാം. ഒന്നാംഘട്ട ഗുണഭോക്തൃപട്ടിക കളക്ടറേറ്റ്, വയനാട്, മാനന്തവാടി ആർ.ഡി.ഒ. ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലും തദ്ദേശസ്വംയഭരണവകുപ്പിന്റെയും ജില്ലാഭരണകൂടത്തിന്റെയും വെബ്സൈറ്റുകളിലും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.