കടയില്‍ കഞ്ചാവ് ഒളിപ്പിച്ച് യുവാവിനെ കുടുക്കിയ കേസ് : ഒളിവിലായിരുന്ന പ്രതിയും പിടിയിൽ

മാനന്തവാടി : മകനോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ മകന്റെ സ്ഥാപനത്തില്‍ കഞ്ചാവ് ഒളിപ്പിച്ചുവെച്ച് കേസില്‍ കുടുക്കാന്‍ പിതാവ് ശ്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതിയും അറസ്റ്റിലായി. കര്‍ണാടക എച്ച് ഡി കോട്ട കെ.ആര്‍ പുര സ്വദേശി സദാശിവ(45) യെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
മാനന്തവാടി മൈസൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന പി എ ബനാന എന്ന സ്ഥാപനത്തിലാണ് 2.095 കിലോഗ്രാം കഞ്ചാവ്ഒളിപ്പിച്ചുവെച്ചത്. ഇതിന് നേതൃത്വം നല്‍കിയ മുഖ്യപ്രതി അബൂബക്കര്‍ സഹായികളായ ഓട്ടോ ഡ്രൈവര്‍ ജിന്‍സ് വര്‍ഗ്ഗീസ്, ഔത എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരുടെ സഹായിയും, കടയില്‍ കഞ്ചാവ് കൊണ്ടുവെച്ച് ഒളിപ്പിക്കുകയും ചെയ്തയാളാണ് സദാശിവ.
സംഭവത്തിനുശേഷം ഒളിവില്‍ ആയിരുന്ന പ്രതിയെ നിരന്തരമായ നിരീക്ഷണത്തിനൊടുവിലാണ് എക്സൈസ് പിടികൂടിയത്. ഈ അറസ്റ്റോടെ ഈ കേസിലെ മുഴുവന്‍ പ്രതികളെയും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത് ചന്ദ്രന്‍ നേതൃത്വം നല്‍കിയ അന്വേഷണ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ജോണി കെ , ജിനോഷ് പി. ആര്‍ ,ദിപു എ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സനൂപ് കെ എസ്, ജെയ്‌മോന്‍ ഇ എസ് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.