കേണിച്ചിറ എടക്കാടിൽ കാട്ടാനയുടെ താണ്ഡവം : വൻ നാശം

കേണിച്ചിറ : എടക്കാടിൽ കാട്ടാനയുടെ വിളയാട്ടം. കഴിഞ്ഞ രാത്രിയിലെത്തിയ കാട്ടാനകൾ തെങ്ങ്, വാഴ, കപ്പ തുടങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. ഉള്ളാട്ടില്‍ രാജേഷ്, പുള്ളോളിക്കൽ വിജയൻ എന്നീ കർഷകരുടെ കൃഷിയിടങ്ങളിലാണ് കാട്ടാന വിളയാടിയത്. രാജേഷിൻ്റെ കായ്ഫലമുള്ള നാല് തെങ്ങുകളും 40 ചുവട് കപ്പയും, വിജയൻ്റെ 50 ഓളം വാഴകളും കാട്ടാന നശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രിയിലിയിലും എടക്കാടിൽ കാട്ടാന വ്യാപകനാശം വിതയ്ച്ചിരുന്നു. വിജയൻ്റെ 400 ഓളം പൂവൻവാഴകളും രാജേഷിൻ്റെ 100 ഓളം വാഴകളും അന്ന് നശിപ്പിച്ചിരുന്നു. കൂടാതെ എടക്കാട് ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപത്തെ പ്രിൻസ് ഓർക്കിഡ്സ് ആൻ്റ് പ്ലാൻ്റ് നെഴ്സറിയിൽ കയറിയ കാട്ടാന 30 ബാംബു ചെടികൾ നശിപ്പിച്ചിരുന്നു.
ഞായറാഴ്ച രാത്രി 12 മണിയോടെയാണ് രണ്ട് കാട്ടാനകൾ ഇവിടേക്കെത്തിയത്. നാട്ടുകാർ പടക്കം പൊട്ടിച്ചും മറ്റും തുരത്താൻ ശ്രമിച്ചെങ്കിലും കാട്ടാനകൾ പിന്തിരിയാൻ കൂട്ടാക്കിയില്ല. നാട്ടുകാർ വനപാലകരെ ബന്ധപ്പെട്ടെങ്കിലും ഏറെ വൈകിയാണ് എത്തിയത്. ഇതിനിടയിലായിരുന്നു കാട്ടാനകളുടെ താണ്ഡവം. തുർന്ന് ഏറെ പണിപ്പെട്ടാണ് ആനകളെ തുരത്തിയത്. പ്രദേശത്ത് കാവലിന് സ്ഥിരം വാച്ചർമാരെ നിയമിച്ച് കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.