കടലില്‍ കുളിക്കാനിറങ്ങിയ നാല് വയനാട് സ്വദേശികള്‍ മുങ്ങിമരിച്ചു

പയ്യോളി : പയ്യോളി തിക്കോടി കല്ലകപ്പുറത്ത് കടപ്പുറത്ത് കുളിക്കാനിറങ്ങിയ വയനാട്ടില്‍ നിന്നുള്ള നാല് വിനോദസഞ്ചാരികള്‍ തിരയില്‍പ്പെട്ട് മരിച്ചു. സി.പി.ഐ.എം കല്‍പ്പറ്റ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയംഗം ബിനീഷ് (45), ജിം ട്രെയിനര്‍ തരുവണ ആറുവാള്‍ സ്വദേശിനി അനീസ (38), അമ്പിലേരി ഹരിതഗിരി സതീഷിന്റെ ഭാര്യ വാണി (39), വെള്ളാരംകുന്ന് പൂളക്കുന്ന് സ്വദേശി ഫൈസല്‍ (42) എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ട ജിന്‍സി (27) കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കല്‍പ്പറ്റ ബോഡിഷേപ്പ് ജിമ്മില്‍ നിന്നും 24 പേരടങ്ങിയ സംഘമാണ് തിക്കോടി കല്ലകപ്പുറത്ത് കടപ്പുറത്ത് എത്തിയത്. കടലില്‍ ഇറങ്ങി കുളിക്കുന്നതിനിടെ പെട്ടെന്ന് രണ്ടു പേര്‍ തിരയില്‍പ്പെടുകയായിരുന്നു. തുടർന്ന് ഇവരെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു മറ്റുള്ളവർ.
ബീച്ചിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ കൊയിലാണ്ടി അഗ്‌നിരക്ഷാസേനയെയും കൊയിലാണ്ടി പോലീസിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഒരാളെ കണ്ടെത്തി. ഇയാള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ബാക്കി നാല് പേരെയും കണ്ടെത്തിയത്. ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് പ്രാഥമിക വിവരങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് നല്‍കുന്നതാണ്.