April 2, 2025

വമ്പന്‍മാര്‍ മുട്ട് മടക്കി : നാടകീയ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 2 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ ; ഒറ്റയാൾ പോരാട്ടത്തിൽ വിജയം പിടിച്ചു വാങ്ങി തിലക് വര്‍മ

Share

 

ഇന്നലത്തെ ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി20 കാണാത്തവര്‍ക്ക് വലിയ നഷ്ടം. അത്ര ആവേശമായിരുന്നു കളി. പല വട്ടം തോറ്റന്ന് ഉറപ്പിച്ച കളിയില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ട്വന്റി20 മത്സരങ്ങള്‍ക്ക് ഏറ്റവും നാടകീയമായ ക്ലൈമാക്‌സുകള്‍ ഉറപ്പാക്കുന്ന പതിവ്, ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ മത്സരത്തിലും ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം കൈവിട്ടില്ല.

 

ആവേശം അവസാന ഓവര്‍ വരെ കൂട്ടിനെത്തിയ മറ്റൊരു നാടകീയ പോരാട്ടത്തില്‍, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം, ശ്വാസം പോലും നിലച്ചുപോയ നിമിഷങ്ങള്‍ക്കൊടുവില്‍ രണ്ടു വിക്കറ്റും നാലു പന്തും ബാക്കിയാക്കി ഇന്ത്യ മറികടന്നു. സഹതാരങ്ങള്‍ കൂട്ടത്തോടെ നിരാശപ്പെടുത്തിയിട്ടും, വാലറ്റത്തെ കൂട്ടുപിടിച്ച്‌ തിലക് വര്‍മയെന്ന യുവതാരം നടത്തിയ അസാമാന്യ പോരാട്ടമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ, അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്ബരയില്‍ ഇന്ത്യ 2 -0ന് മുന്നിലെത്തി. പരമ്ബരയിലെ മൂന്നാം മത്സരം ചൊവ്വാഴ്ച രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ നടക്കും.

 

തിലക് വര്‍മ 55 പന്തില്‍ നാലു ഫോറും അഞ്ച് സിക്‌സും സഹിതം 72 റണ്‍സുമായി പുറത്താകാതെ നിന്നു. ജെയ്മി ഓവര്‍ട്ടന്‍ എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് കയ്യിലിരിക്കെ വിജയത്തിലേക്ക് വേണ്ടിയിരുന്നത് ആറു റണ്‍സ്. ആദ്യ പന്തില്‍ ഡബിളും രണ്ടാം പന്തില്‍ ബൗണ്ടറിയും കണ്ടെത്തി തിലക് വര്‍മ രാജകീയമായിത്തന്നെ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. വാലറ്റത്ത് അഞ്ച് പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം ഒന്‍പതു റണ്‍സുമായി പുറത്താകാതെ നിന്ന രവി ബിഷ്‌ണോയിയുടെ പോരാട്ടവീര്യവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഇതിനു മുന്‍പു രണ്ടു രാജ്യാന്തര ട്വന്റി20 മത്സരങ്ങളാണ് നടന്നത്. രണ്ടു മത്സരങ്ങളിലും ഫലം വന്നത് അവസാന പന്തില്‍!

 

ഇന്ത്യന്‍ നിരയില്‍ തിലക് വര്‍മയ്ക്കു പുറമേ രണ്ടക്കത്തിലെത്തിയത് മൂന്നു താരങ്ങളാണ്. പിന്നെ എക്‌സ്ട്രാസും. വാഷിങ്ടന്‍ സുന്ദര്‍ (19 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 26), ഓപ്പണര്‍ അഭിഷേക് ശര്‍മ (ആറു പന്തില്‍ മൂന്നു ഫോറുകളോടെ 12), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (ഏഴു പന്തില്‍ മൂന്നു ഫോറുകളോടെ 12) എന്നിവരാണ് രണ്ടക്കത്തിലെത്തിയ താരങ്ങള്‍. പിന്നെ എക്‌സ്ട്രാ ഇനത്തില്‍ ഇംഗ്ലിഷ് ബോളര്‍മാര്‍ കനിഞ്ഞു നല്‍കിയ 11 റണ്‍സും.

 

മലയാളി താരം സഞ്ജു സാംസണ്‍ (ഏഴു പന്തില്‍ അഞ്ച്), ധ്രുവ് ജുറേല്‍ (അഞ്ച് പന്തില്‍ നാല്), ഹാര്‍ദിക് പാണ്ഡ്യ (ആറു പന്തില്‍ ഒരു ഫോര്‍ സഹിതം നാല്), അക്ഷര്‍ പട്ടേല്‍ (മൂന്നു പന്തില്‍ രണ്ട്), അര്‍ഷ്ദീപ് സിങ് (നാലു പന്തില്‍ ഒരു ഫോര്‍ സഹിതം ആറ്) എന്നിവര്‍ നിരാശപ്പെടുത്തി.

 

നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തിലാണ് 165 റണ്‍സെടുത്തത്. തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചറി അഞ്ച് റണ്‍സിന് നഷ്ടമായെങ്കിലും, ഒരിക്കല്‍ക്കൂടി മുന്നില്‍നിന്ന് പടനയിച്ച ക്യാപ്റ്റന്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ബട്‌ലര്‍ 30 പന്തില്‍ രണ്ടു ഫോറും മൂന്നു സിക്‌സും സഹിതമാണ് 45 റണ്‍സെടുത്തത്. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുമ്ബോഴും യഥേഷ്ടം ബൗണ്ടറികള്‍ കണ്ടെത്തിയാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ സ്‌കോര്‍ 160 കടത്തിയത്.

 

ഒരിക്കല്‍ക്കൂടി സ്പിന്നര്‍മാരുടെ തകര്‍പ്പന്‍ ബോളിങ്ങാണ് ഇന്ത്യയ്ക്ക് കരുത്തായത്. 14 ഓവര്‍ ബോള്‍ ചെയ്ത സ്പിന്നര്‍മാര്‍ 118 റണ്‍സ് വിട്ടുകൊടുത്ത് വീഴ്ത്തിയത് ആറു വിക്കറ്റ്! അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ ജെയ്മി സ്മിത്ത് 12 പന്തില്‍ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 22 റണ്‍സെടുത്ത് പുറത്തായി. ഹാരി ബ്രൂക്ക് (എട്ടു പന്തില്‍ ഒരോ സിക്‌സും ഫോറും സഹിതം 13), ലിയാം ലിവിങ്സ്റ്റണ്‍ (14 പന്തില്‍ ഒരു ഫോര്‍ സഹിതം 13), ബ്രൈഡന്‍ കാഴ്‌സ് (11 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 14), ജോഫ്ര ആര്‍ച്ചര്‍ (ഒന്‍പതു പന്തില്‍ പുറത്താകാതെ 12) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ട് (മൂന്നു പന്തില്‍ നാല്), ബെന്‍ ഡക്കറ്റ് (ആറു പന്തില്‍ മൂന്ന്), ജെയ്മി ഓവര്‍ട്ടന്‍ (ഏഴു പന്തില്‍ അഞ്ച്), ആദില്‍ റഷീദ് (11 പന്തില്‍ 10) എന്നിവര്‍ നിരാശപ്പെടുത്തി. മാര്‍ക്ക് വുഡ് മൂന്നു പന്തില്‍ അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു.

 

ഇന്ത്യയ്ക്കായി അക്ഷര്‍ പട്ടേല്‍ നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ മത്സരത്തില്‍ കളിയിലെ കേമനായ വരുണ്‍ ചക്രവര്‍ത്തി ഇത്തവണ നാല് ഓവറില്‍ 38 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. അര്‍ഷ്ദീപ് സിങ്, വാഷിങ്ടന്‍ സുന്ദര്‍, അഭിഷേക് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ബോള്‍ ചെയ്ത ഏഴു പേരില്‍ വിക്കറ്റ് ലഭിക്കാതെ പോയത് നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങിയ രവി ബിഷ്‌ണോയ്ക്കു മാത്രം.

 

ഇംഗ്ലണ്ടിനെതിരായ തുടര്‍ച്ചയായ രണ്ടാം ട്വന്റി20യിലും ടോസ് ഭാഗ്യം ഇന്ത്യയ്ക്ക്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ഒരിക്കല്‍ക്കൂടി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അതിലാണ് നിര്‍ണായക പോരാട്ടത്തില്‍ തിലക് വര്‍മ്മ ഇന്ത്യയെ ജയിപ്പിച്ചത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.