ബെന്നി ചെറിയാന് നേരെയുണ്ടായ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ല : സി.പി.ഐ.എം പനമരം ലോക്കൽ കമ്മിറ്റി

പനമരം : പനമരം ഗ്രാമപ്പഞ്ചായത്തംഗത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സി.പി.ഐ.എം. പനമരം ലോക്കൽ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. അവിശ്വാസപ്രമേയവുമായും മർദ്ദനത്തിന് യാതൊരു ബന്ധവുമില്ല. അവിശ്വാസവുമായി ഇതിനെ കൂട്ടിക്കെട്ടുന്നത് രാഷ്ട്രീയ മുതലെടുപ്പാണെന്നും നേതാക്കൾ പറഞ്ഞു.
അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട് ബെന്നിയെ ആക്രമിച്ചു എന്നുള്ള വാർത്ത അടിസ്ഥാന രഹിതമാണ്. കാലുമാറിയ പഞ്ചായത്തംഗം യു.ഡി.എഫിന് അനുകൂലമായി വോട്ടു ചെയ്തതുമായി ബന്ധപ്പെട്ട വിഷയം തിരഞ്ഞെടുപ്പ് കമ്മിഷൻ മുഖേന നേരിടുന്നതിനാണ് സി.പി.ഐ.എമ്മും എൽ.ഡി.എഫും തീരുമാനിച്ചിട്ടുള്ളത്.
മറ്റ് ഏതെങ്കിലും വിഷയത്തിൻ്റെ അടിസ്ഥാനത്തിൽ ഉണ്ടായിട്ടുള്ള സംഘർഷങ്ങളെ അവിശ്വാസത്തിൻ്റെ മറയാക്കി പാർട്ടിയുടെ മേലിൽ കെട്ടിവെയ്ക്കാനാണ് ബെന്നിയെ കൂട്ടുപിടിച്ച് യു.ഡി.എഫ്. ശ്രമിക്കുന്നത്. സി.പി.ഐ.എമ്മിനെ പൊതുജനങ്ങൾക്കിടയിൽ അപകീർത്തിപ്പെടുത്തുന്നതിനുള്ള
ഈ ശ്രമം അനുവദിക്കാൻ കഴിയില്ല.
സംഭവദിവസം പനമരത്തങ്ങാടിയിൽ വെച്ച് അരയിൽ കരുതിവെച്ച കത്തിയൂരി ആളുകളെ ആക്രമിച്ച ബെന്നി ചെറിയാനെതിരെ എല്ലാ തെളിവുകളുണ്ടായിട്ടും പോലീസ് കേസ് എടുത്തിട്ടില്ല. കത്തിതട്ടി പരിക്കേറ്റ എം.പി. അക്ഷയ് (26) അന്ന് രാത്രിതന്നെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയിട്ടുണ്ട്. മാരകായുധം അരയിൽ സൂക്ഷിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രകോപനം ഉണ്ടാക്കി ഡി.വൈ.എഫ്.ഐ പ്രവർത്തകരെ തിരിച്ച് ആക്രമിക്കുകയാണ് ബെന്നി ചെയ്തത്. ഇയാൾക്കെതിരെയാണ് വധശ്രമത്തിന് കേസെടുക്കേണ്ടതെന്നും സി.പി.ഐ.എം. പനമരം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
അവിശ്വാസവുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള പ്രസംഗത്തിൻ്റെ മറപിടിച്ച് പാർട്ടി ലോക്കൽ കമ്മിറ്റിയംഗമായ വനിത സഖാവിനെതിരെ സ്ത്രീത്വത്തെ അപമാനിച്ച് അപ കീർത്തികരമായ പ്രസ്‌താവനകളാണ് നവമാധ്യങ്ങളിലൂടെ ബെന്നി ചെറിയാൻ നടത്തിയത്. ഇതിനെതിരേ പനമരം പോലീസിലും, ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ട് 15 ദിവസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതാണ് ഏക പ്രതീക്ഷയെന്നും നേതാക്കൾ പറഞ്ഞു. ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിലും വനിതാ സഖാവിനെതിരെയുള്ള ആക്ഷേപങ്ങൾക്കും അതി ക്രമങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറായില്ല. ബെന്നിയെ സംരക്ഷിച്ച് തീർത്തും ഏകപക്ഷീയമായാണ് പോലീസ് ഇടപെട്ടത്. അപകീർത്തിപ്പെട്ട സ്ത്രീ രാത്രിതന്നെ പരാതിപ്പെട്ടെങ്കിലും ആ പരാതി സ്വീകരിക്കാൻ പോലും പനമരത്തെ ഉത്തരവാദിത്വപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും സി.പി.ഐ.എം പനമരം ലോക്കൽകമ്മിറ്റി ആരോപിച്ചു. ഏകപക്ഷീയമായ നിലപാട് മാറ്റാൻ പോലീസ് തയ്യാറാകാത്തപക്ഷം പനമരം പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും.
കൂറുമാറിയ ബെന്നിയെ പ്രകോപിപ്പിച്ച് ബോധപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കി പനമരത്തങ്ങാടിയിലെ സമാധാനാന്തരീക്ഷം തകർക്കാനാണ് മുസ്ലിംലീഗും കോൺഗ്രസ്സും ശ്രമിക്കുന്നത്. ബെന്നിയുടെ ചെയ്തികളോടൊപ്പമാണോ യു.ഡി.എഫ് എന്ന് വ്യക്തമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പനമരത്ത് ആക്രമിക്കപ്പെട്ട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നു എന്ന് യു.ഡി.എഫും ചിലദൃശ്യമാധ്യമങ്ങളും പ്രചരിപ്പിച്ചയാൾ വ്യാഴാഴ്ച പനമരം ഗ്രാമപ്പഞ്ചായത്തിൽ ചേർന്ന ഭരണസമിതി യോഗത്തിൽ യാതൊരുവിധ പരിക്കുകളും ഇല്ലാതെ പങ്കെടുത്തത് എങ്ങനെയാണെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ സി.പി.ഐ.എം. ലോക്കൽ സെക്രട്ടറിമാരായ കെ.സി. ജബ്ബാർ, കെ.എം.സുധാകരൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ.പി.ഷിജു, എം.എ.ചാക്കോ, പി.സി.വത്സല എന്നിവർ പങ്കെടുത്തു.