April 2, 2025

സിവില്‍ സര്‍വീസസ് പ്രിലിമിനറി : ഫെബ്രുവരി 11 വരെ അപേക്ഷിക്കാം ; പരീക്ഷ മേയ് 25 ന്

Share

 

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ ഫോറിൻ സർവീസ്, ഇന്ത്യൻ പോലീസ് സർവീസ്, രാജ്യത്തെ വിവിധ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സർവീസുകള്‍/ പോസ്റ്റുകള്‍ എന്നിവയിലേക്ക് അനുയോജ്യരായവരെ തിരഞ്ഞെടുക്കുന്ന 2025-ലെ സിവില്‍ സർവീസസ് പരീക്ഷയുടെ ആദ്യ ഘട്ടമായ പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാം. സിവില്‍ സർവീസസ് പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടുന്നവർ സിവില്‍ സർവീസസ് (മെയിൻ) പരീക്ഷ (എഴുത്തുപരീക്ഷ, ഇന്റർവ്യൂ/ പഴ്സണാലിറ്റി ടെസ്റ്റ്) തുടർന്ന് അഭിമുഖീകരിക്കണം.

 

979 പേർക്ക് നിയമനം

 

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) നടത്തുന്ന പരീക്ഷയുടെ വിവിധഘട്ടങ്ങള്‍ കടന്ന് അർഹത നേടുന്ന 979 പേർക്കാണ് 23 സർവീസുകളിലായി നിയമനം ലഭിക്കാൻ സാധ്യത.

 

മറ്റ് സർവീസുകളില്‍ ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ്, ഇന്ത്യൻ സിവില്‍ അക്കൗണ്ട്സ്, ഇന്ത്യൻ കോർപറേറ്റ് ലോ, ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ്, ഇന്ത്യൻ ഡിഫൻസ് എസ്റ്റേറ്റ്സ്, ഇന്ത്യൻ ഇൻഫർമേഷൻ, ഇന്ത്യൻ പോസ്റ്റല്‍, ഇന്ത്യൻ പോസ്റ്റ് ആൻഡ് ടെലികമ്യൂണിക്കേഷൻ അക്കൗണ്ട്സ് ആൻഡ് ഫിനാൻസ്, ഇന്ത്യൻ റെയില്‍വേ മാനേജ്മെന്റ് (ട്രാഫിക്), ഇന്ത്യൻ റെയില്‍വേ മാനേജ്മെന്റ് (പഴ്സണല്‍), ഇന്ത്യൻ റെയില്‍വേ മാനേജ്മെന്റ് (അക്കൗണ്ട്സ്), ഇന്ത്യൻ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ്, ഇന്ത്യൻ റവന്യു (കസ്റ്റംസ് ആൻഡ് ഇൻഡയറക്‌ട് ടാക്സസ്), ഇന്ത്യൻ റവന്യു (ഇൻകം ടാക്സ്), ഇന്ത്യൻ ട്രേഡ് എന്നീ ഗ്രൂപ്പ് എ സർവീസുകളും അഞ്ച് ഗ്രൂപ്പ് ബി സർവീസുകളും ഉള്‍പ്പെടുന്നു.

 

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷ

 

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്കും അപേക്ഷിക്കാം. ഇതിന്റെയും പ്രാഥമികപരീക്ഷയാണ് സിവില്‍ സർവീസസ് പ്രിലിമിനറി. ഇതില്‍ യോഗ്യത നേടുന്നവർക്കേ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയുടെ രണ്ടാംഘട്ടമായ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (മെയിൻ) പരീക്ഷയ്ക്ക് (റിട്ടണ്‍ ആൻഡ് ഇന്റർവ്യൂ) അർഹത ലഭിക്കൂ. മൊത്തം 150 ഒഴിവുകളാണ് ഫോറസ്റ്റ് സർവീസില്‍ പ്രതീക്ഷിക്കുന്നത്.

 

പ്രവേശനയോഗ്യത

 

വിജ്ഞാപനങ്ങള്‍ പ്രകാരമുള്ള നാഷണാലിറ്റി വ്യവസ്ഥകള്‍ തൃപ്തിപ്പെടുത്തണം. പ്രായം: 1.8.2025-ന് 21 വയസ്സ് ആയിരിക്കണം. പക്ഷേ, 32 വയസ്സ് ആയിരിക്കരുത്. 1993 ഓഗസ്റ്റ് രണ്ടിനുമുൻപോ 2004 ഓഗസ്റ്റ് ഒന്നിനുശേഷമോ ജനിച്ചതായിരിക്കരുത്. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നും പി.ഡബ്ല്യു.ബി.ഡി. വിഭാഗക്കാർക്ക് 10-ഉം വർഷത്തെ ഇളവ് ഉയർന്ന പ്രായപരിധിയില്‍ ലഭിക്കും. മറ്റുചില വിഭാഗക്കാർക്കും ഇളവുണ്ട്. വിശദാംശങ്ങള്‍ upsc.gov.in -ലെ വിജ്ഞാപനത്തിലുണ്ട്.

 

വിദ്യാഭ്യാസയോഗ്യത

 

ഏതെങ്കിലും വിഷയത്തില്‍ ഗ്രാജ്വേറ്റ് ബിരുദമുള്ളവർക്ക് സിവില്‍ സർവീസസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഫോറസ്റ്റ് സർവീസ് പരീക്ഷ അഭിമുഖീകരിക്കാൻ ആനിമല്‍ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി എന്നിവയിലൊരു വിഷയമെങ്കിലും പഠിച്ചുള്ള ബാച്ച്‌ലർ ബിരുദമോ അഗ്രിക്കള്‍ച്ചർ, ഫോറസ്ട്രി, എൻജിനിയറിങ് ബാച്ച്‌ലർ ബിരുദമോ ഉണ്ടായിരിക്കണം. യോഗ്യതാകോഴ്സ് അന്തിമപരീക്ഷ അഭിമുഖീകരിക്കാൻ പോകുന്നവർ, ഫലം കാത്തിരിക്കുന്നവർ എന്നിവർക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം.

 

ചാൻസുകള്‍

 

സിവില്‍ സർവീസസ് പരീക്ഷ ആറുതവണമാത്രമേ ഒരാള്‍ക്ക് അഭിമുഖീകരിക്കാൻ കഴിയൂ. ഒ.ബി.സി. വിഭാഗക്കാർക്കും ഭിന്നശേഷിവിഭാഗങ്ങള്‍ക്കാം ഒൻപത് ചാൻസുകള്‍ ലഭിക്കും. പട്ടികവിഭാഗക്കാർക്ക് എത്രതവണ വേണമെങ്കിലും അഭിമുഖീകരിക്കാം.

 

പ്രിലിമിനറി പരീക്ഷയുടെ ഒരു പേപ്പറെങ്കിലും അഭിമുഖീകരിച്ചത് ഒരു ചാൻസായി പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടാൻ അപേക്ഷകർ തൃപ്തിപ്പെടുത്തേണ്ട മെഡിക്കല്‍, ഫിസിക്കല്‍ നിലവാരം വിജ്ഞാപനങ്ങളില്‍ ലഭ്യമാണ്. വ്യവസ്ഥകള്‍ രണ്ടുപരീക്ഷകള്‍ക്കും ബാധകമാണ്.

 

അപേക്ഷ

 

upsconline.gov.in വഴി ഫെബ്രുവരി 11-ന് വൈകീട്ട് ആറുവരെ ഓണ്‍ലൈനായി നല്‍കാം. സിവില്‍ സർവീസസ് പരീക്ഷയ്ക്കും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്കും അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ പൊതുവായ അപേക്ഷ നല്‍കിയാല്‍ മതി. രണ്ടിലേക്കുമുള്ള താല്‍പര്യം അപേക്ഷയില്‍ രേഖപ്പെടുത്തണം

 

വനിതകള്‍, പട്ടിക/ ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് അപേക്ഷാഫീസില്ല. മറ്റുള്ളവർ അപേക്ഷാഫീസായി 100 രൂപ അടയ്ക്കണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ പണമായി അടയ്ക്കാം. നെറ്റ് ബാങ്കിങ്, വിസ/ മാസ്റ്റർ/ റുപേ ക്രഡിറ്റ്/ ഡെബിറ്റ് കാർഡ്/ യു.പി.ഐ. പേമെന്റ് വഴി ഓണ്‍ലൈനായും അടയ്ക്കാം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.