ചൂതുപാറയിൽ വീട് കുത്തിത്തുറന്ന് മോഷണം : പത്ത് പവനും ഒന്നരലക്ഷം രൂപയും കവർന്നു

മീനങ്ങാടി : പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പത്ത് പവൻ്റെ സ്വർണ്ണാഭരണങ്ങളും ഒന്നരലക്ഷം രൂപയും മോഷ്ടിച്ചു. ചൂതുപാറ ആനക്കുഴി പ്രവീദിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച അർധരാത്രിയിലാണ് സംഭവം. പ്രവീദിൻ്റെ ഭാര്യ അമ്പിളിയുടെ പിതാവ് കേണിച്ചിറ ചീങ്ങോട് കൊട്ടേക്കാട്ടിൽ മാനുകുട്ടൻ രോഗബാധിതനായി പ്രവീദിൻ്റെ വീട്ടിലായിരുന്നു രണ്ടാഴ്ചയായി താമസം. ചൊച്ചാഴ്ച രാത്രി ഒൻപതോടെ മാനുകുട്ടൻ മരിച്ചു. രാത്രി പതിനൊന്നരയോടെ മൃതദേഹവുമായി പ്രവീദും ബന്ധുക്കളും ചീങ്ങോടുള്ള വീട്ടിലേക്ക് പോയതിനുശേഷമാണ് വീടിൻ്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയത്.
രാവിലെ വീടിൻ്റെ വാതിലുകൾ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപെട്ട അയൽക്കാർ പ്രവീദിനെ വിവരം അറിയിച്ചതിനെത്തുടർന്ന് നോക്കുമ്പോഴാണ് വീട്ടിലുണ്ടായിരുന്ന അലമാരയും മേശയും കുത്തിത്തുറന്ന നിലയിൽ കണ്ടത്. ഇതിനുള്ളിലായിരുന്നു സ്വർണ്ണാഭരണങ്ങളും പണവും സൂക്ഷിച്ചിരുന്നത്.
സുൽത്താൻബത്തേരി ഡി.വൈ.എസ്.പി. അബ്ദുൾ ഷരീഫ്, അമ്പലവയൽ സി.ഐ. അനൂപ്, മീനങ്ങാടി എസ്.ഐ. റസാക് എന്നിവരുടെ നേതൃത്വത്തിൽ പോലീസും വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.