എൻ.എം വിജയന്റെ ആത്മഹത്യ ; ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചനും കോണ്‍ഗ്രസ് നേതാവ് കെ.കെ ഗോപിനാഥനും അറസ്റ്റില്‍ : ഐ.സി ബാലകൃഷ്ണനെ ചോദ്യം ചെയ്യും

ബത്തേരി : വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരണത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ, മുൻ കോണ്‍ഗ്രസ് നേതാവ് കെകെ ഗോപിനാഥൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ചോദ്യം ചെയ്യല്‍ പൂർത്തിയായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാല്‍ നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി വിട്ടയക്കും. കേസിലെ ഒന്നാം പ്രതിയായ ഐ.സി. ബാലകൃഷ്ണൻ എം.എല്‍.എ.യ്ക്ക് നിയമസഭ സമ്മേളിക്കുന്നതിനാല്‍ ഇളവുനല്‍കിയിരുന്നു. 23, 24, 25 തീയതികളില്‍ എം.എല്‍.എ. ചോദ്യംചെയ്യലിന് ഹാജരാകും.
വിജയനും മകൻ ജിജേഷും ആത്മഹത്യ ചെയ്ത കേസിലാണ് ഐ.സി. ബാലകൃഷ്ണൻ, എൻ.ഡി. അപ്പച്ചൻ, ഡി.സി.സി. മുൻ ട്രഷറർ കെ.കെ. ഗോപിനാഥ്, തുടങ്ങിയവരെ പ്രതികളാക്കി പോലീസ് കേസെടുത്തത്. കെ.പി.സി.സി. പ്രസിഡന്റിന് നല്‍കാൻ വിജയൻ എഴുതിയ കത്തില്‍ ഇവരുടെ പേരുകള്‍ പരാമർശിച്ചിരുന്നുവെന്നാണ് പറയുന്നത്. പോലീസ് അന്വേഷണത്തില്‍ ലഭിച്ച മൊഴികളും നേതാക്കളെ പ്രതിചേർക്കുന്നതിലേക്ക് നയിച്ചതായാണ് വിവരം.
എൻ.ഡി. അപ്പച്ചനെയും കെ.കെ. ഗോപിനാഥനെയും അന്വേഷണസംഘം കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. പ്രത്യേക അന്വേഷണസംഘം മേധാവി ബത്തേരി ഡിവൈ.എസ്. പി. കെ.കെ. അബ്ദുള്‍ ഷെരീഫിൻറെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. എൻ.എം. വിജയന്റെ കത്തുകളിലെയും ഡയറിക്കുറിപ്പിലെയും പേര് പരാമർശവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങളെന്നാണ് സൂചന.
വിജയന്റെ മുറിയില്‍നിന്ന് ലഭിച്ച ഡയറിക്കുറിപ്പില്‍ ഒന്നരക്കോടിയോളം രൂപയുടെ വായ്പയടക്കമുള്ളവ ഉണ്ടെന്ന സൂചനകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 14 ബാങ്കുകളില്‍നിന്ന് അക്കൗണ്ട് വിവരങ്ങള്‍ പ്രത്യേകസംഘം തേടുകയും ചെയ്തു. ബത്തേരി അർബൻ ബാങ്കില്‍നിന്നും ബത്തേരി സർവീസ് സഹകരണ ബാങ്കില്‍നിന്നും ലഭിച്ച വിവരങ്ങളില്‍ ഒരുകോടിയിലേറെ രൂപയുടെ ബാധ്യതയുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നിയമനത്തിന് പണംവാങ്ങി വഞ്ചിച്ചതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രണ്ട് പരാതികള്‍ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. ഇതേക്കുറിച്ചും അന്വേഷണം തുടങ്ങിയിരുന്നു.
ബാങ്കിലെ നിയമനത്തട്ടിപ്പ് വിഷയത്തില്‍ വിജിലൻസ് അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടിരുന്നു. വയനാട് വിജിലൻസ് ഡിവൈ.എസ്.പി. ഷാജി വർഗീസിനാണ് അന്വേഷണച്ചുമതല. എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യയെത്തുടർന്ന് മാധ്യമങ്ങളിലെ വാർത്തകളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ബാങ്ക് നിയമനമടക്കമുള്ള സാമ്ബത്തിക ഇടപാടുകളാണ് വിജിലൻസ് അന്വേഷിക്കുന്നത്.