ഖോ ഖോ ലോകകപ്പില്‍ ഇന്ത്യൻ ആധിപത്യം ; പുരുഷ-വനിത ലോകകിരീടങ്ങള്‍ സ്വന്തമാക്കി

പ്രഥമ ഖോ ഖോ ലോകകപ്പില്‍ ഇന്ത്യൻ ആധിപത്യം. ഇന്ത്യയുടെ പുരുഷ വനിത ടീമുകള്‍ ലോകകിരീടം സ്വന്തമാക്കി. പുരുഷ-വനിതാ ഫൈനലുകളില്‍ നേപ്പാളായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. പുരുഷന്മാർ 54-36 എന്ന സ്കോറിന് നേപ്പാളിനെ വീഴ്ത്തിയപ്പോള്‍ വനിതകള്‍ 78-40 എന്ന സ്കോറിനാണ് വിജയിച്ചത്.
പ്രിയങ്ക ഇംഗ്ലെ നയിച്ച ഇന്ത്യൻ വനിത ടീം ആധികാരികമായാണ് മുന്നേറ്റം നടത്തിയത്. ആദ്യ ടേണില്‍ തന്നെ 34 പോയിന്റ് സ്വന്തമാക്കാൻ ഇന്ത്യൻ വനിതകള്‍ക്ക് കഴിഞ്ഞു. രണ്ടാം ടേണില്‍ നേരിയ തിരിച്ചുവരവിന് നേപ്പാള്‍ ശ്രമം നടത്തി. ആദ്യ പകുതിയില്‍ 35-24 എന്ന സ്കോറിലേക്ക് മത്സരം മാറി. എന്നാല്‍ മൂന്നാം ടേണില്‍ വീണ്ടും ഇന്ത്യൻ വനിതകള്‍ പോരാട്ടം കടുപ്പിച്ചു. 73-24 എന്നായിരുന്നു മൂന്നാം ടേണിലെ സ്കോർ. നാലാം ടേണില്‍ 78-40 എന്ന സ്കോറില്‍ ഇന്ത്യ ലോകകിരീടവും സ്വന്തമാക്കി.
പുരുഷ സംഘത്തിന്റെ ഫൈനലില്‍ ആദ്യ ടേണില്‍ ഇന്ത്യ 26-0ത്തിന് ലീഡ് ചെയ്തു. രണ്ടാം ടേണില്‍ തിരിച്ചുവന്ന നേപ്പാള്‍ സ്കോർ 26-18 എന്നാക്കി. എന്നാല്‍ മൂന്നാം ടേണില്‍ ആധിപത്യം തിരികെപിടിച്ച ഇന്ത്യ 54-18 എന്ന് ലീഡ് ഉയർത്തി. അവസാന ടേണില്‍ 54-36 എന്ന സ്കോറിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.