April 3, 2025

ശബരിമലയില്‍ ചരിത്രംകുറിച്ച്‌ തീര്‍ഥാടകര്‍ ; ഇത്തവണ ദര്‍ശനത്തിന് എത്തിയത് 53 ലക്ഷം പേര്‍, സ്പോട്ട് ബുക്കിങ് വഴി 10 ലക്ഷം പേരും- നട അടച്ചു

Share

 

ശബരിമലയില്‍ ഇത്തവണ തീർഥാടനത്തിന് എത്തിയത് 53 ലക്ഷം പേരെന്ന് കണക്ക്. സമീപകാലത്തൊന്നുമില്ലാത്ത റെക്കോർഡാണ് ഇത്. പരാതി രഹിതമായ ഈ തീർഥാടനകാലം സർക്കാരിൻ്റെ മികച്ച ഏകോപനത്തിൻ്റെ ഫലം കൂടിയാണ്. 53,09,906 തീർഥാടകരാണ് ഇത്തവണ ശബരിമലയില്‍ ദർശനം നടത്തിയതെന്നാണ് ദേവസ്വം ബോർഡിൻ്റെ പ്രാരംഭ കണക്ക്. സ്പോട്ട് ബുക്കിങ് വഴി 10,03,305 തീർഥാടകരും ദർശനത്തിനായി സന്നിധാനത്തെത്തി.

 

അഭൂതപൂര്‍വമായ തീർഥാടക തിരക്കിനാണ് 2024-25 സാക്ഷ്യം വഹിച്ചതെന്ന് ദേവസ്വം ബോർഡ് അധികൃതരും സാക്ഷ്യപ്പെടുത്തുന്നു. അതേസമയം, ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച്‌ ജനുവരി 20ന് രാവിലെ നടയടച്ചു. പന്തളം രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വർമയുടെ ദർശനത്തോടെ രാവിലെ 6:30 നാണ് നട അടച്ചത്. രാവിലെ 5 ന് നട തുറന്നശേഷം കിഴക്കേമണ്ഡപത്തില്‍ ഗണപതിഹോമം നടന്നു.

 

 

തിരുവാഭരണ സംഘം തിരുവാഭരണ പേടകങ്ങളുമായി അയ്യനെ വണങ്ങി അനുവാദം വാങ്ങി പന്തളം കൊട്ടാരത്തിലേക്ക് മടക്കഘോഷയാത്ര തിരിച്ചു. തുടർന്ന് രാജപ്രതിനിധി സോപാനത്തെത്തി അയ്യപ്പ ദർശനം നടത്തി. ശേഷം മേല്‍ശാന്തി അരുണ്‍കുമാർ നമ്ബൂതിരി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി കഴുത്തില്‍ രുദ്രാക്ഷമാലയും കൈയില്‍ യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കുകളണച്ച്‌ മേല്‍ശാന്തി ശ്രീക്കോവിലിന് പുറത്തിറങ്ങി നടയടച്ചു താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറി.

 

പതിനെട്ടാം പടിയിറങ്ങി ആചാരപരമായ ചടങ്ങുകള്‍ നടത്തി ദേവസ്വം പ്രതിനിധികളുടെയും മേല്‍ശാന്തിയുടെയും സാന്നിധ്യത്തില്‍ രാജപ്രതിനിധി താക്കോല്‍ക്കൂട്ടം ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിജു വി നാഥിന് കൈമാറി. മാസപൂജകള്‍ക്കുള്ള ചെലവിനായി പണക്കിഴിയും നല്‍കി. തുടർന്ന് രാജപ്രതിനിധിയും സംഘവും പന്തളം കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു. ജനുവരി 23ന് തിരുവാഭരണഘോഷയാത്ര പന്തളത്ത് എത്തിച്ചേരും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.