May 9, 2025

പുല്‍പ്പള്ളി അമരക്കുനിയില്‍ 10 ദിവസമായി ഭീതി പരത്തിയ കടുവ കൂട്ടിലായി 

Share

 

പുല്‍പ്പള്ളി : പഞ്ചായത്തിലെ അമരക്കുനി, തൂപ്ര, ദേവര്‍ഗദ്ദ, ഊട്ടിക്കവല പ്രദേശങ്ങളില്‍ ഭീതിപരത്തിയ കടുവ കൂട്ടിലായി. തൂപ്രയ്ക്ക് സമീപം വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് കടുവ അകപ്പെട്ടത്. മയക്കുവെടിവച്ച് പിടിക്കാന്‍ വനസേന ശ്രമ നടത്തുന്നതിനിടെയാണ് കടുവ ഭീതി ഒഴിഞ്ഞത്. 13 വയസ് മതിക്കുന്ന കടുവയെ പ്രാഥമിക നിരീക്ഷണത്തിനുശേഷം കുപ്പാടിയിലെ വന്യമൃഗ അഭയകേന്ദ്രത്തിലേക്ക് രാത്രിതന്നെ മാറ്റുമെന്നാണ് അറിയുന്നത്.

 

കടുവ കൂട്ടിലായത് നാട്ടുകാര്‍ക്കും വനസേനയ്ക്കും ആശ്വാസമായി. കടുവയെ കണ്ടെത്തുന്നതിന് വ്യാഴാഴ്ച പകല്‍ തെര്‍മല്‍ ഡ്രോണ്‍ ഉള്‍പ്പടെ ഉപയോഗപ്പെടുത്തി വനസേന നടത്തിയ തെരച്ചലില്‍ വിഫലമായിരുന്നു. എന്നാല്‍ രാത്രി ഏഴരയോടെ കടുവ ദേവര്‍ഗദ്ദ-തൂപ്ര റോഡ് മുറിച്ചുകടക്കുന്നത് കാര്‍ യാത്രികന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വനസേന പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെയാണ് കടുവ കൂട്ടില്‍ കയറിയത്.

കഴിഞ്ഞ ഏഴ് മുതല്‍ അമരക്കുനിയിലും സമീപങ്ങളിലും കടുവ സാന്നിധ്യമുണ്ട്. 10 ദിവസത്തിനിടെ അഞ്ച് ആടുകളെ കടുവ കൊന്നു. കൂടുകള്‍ സ്ഥാപിച്ച് കടുവയെ പിടിക്കുന്നതിനു നടത്തിയ ശ്രമം ഫലം ചെയ്യാത്ത സാഹചര്യത്തിലാണ് മയക്കുവെടിവച്ച് പിടിക്കാന്‍ തീരുമാനമായത്.

 

മയക്കുവെടി വയ്ക്കുന്നതിന് കടുവയെ ലൊക്കേറ്റ് ചെയ്യുന്നതിന് മുത്തങ്ങ പന്തിയിലെ രണ്ട് കുംകി ആനകളെ ഉപയോഗപ്പെടുത്തിയിരുന്നു.

കടുവ സാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ അമരക്കുനിക്കടുത്ത വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. മൂന്ന് തദ്ദേശവാര്‍ഡുകളില്‍ നിരോധനാജ്ഞയും ബാധകമാക്കി. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിലാണ് കടുവ ഇറങ്ങിയ പ്രദേശങ്ങള്‍. കടുവയെ പിടിക്കുന്നതിന് വിവിധ ഇടങ്ങൡലായി അഞ്ച് കൂടുകളാണ് സ്ഥാപിച്ചത്. കൂട്ടില്‍ കയറിയത് കടുവയ്ക്കും രക്ഷയായി. വനത്തില്‍ ഇരതേടാന്‍ ശേഷി നഷ്ടമായ കടുവ പട്ടിണി നടന്ന് അവശനിലയിലായിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.