സംസ്ഥാന സ്കൂൾ കാലോത്സവത്തിൽ പനമരം ക്രസെന്റ് സ്കൂളിന് മികച്ച വിജയം : പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും എ ഗ്രേഡ്

പനമരം : തിരുവനന്തപുരത്ത് നടന്ന അറുപത്തി മൂന്നാമത് കേരള സ്കൂൾ കാലോത്സവത്തിൽ മികച്ച വിജയം നേടി പനമരം ക്രെസെന്റ് പബ്ലിക് സ്കൂൾ. 41 വിദ്യാർഥികളാണ് ഇത്തവണ കലോത്സവത്തിൽ പങ്കെടുത്തത്. ഇതിൽ എല്ലാവർക്കും എ ഗ്രേഡ് ലഭിച്ചു. ഒരു ഇനം പോലും അപ്പീൽ ഇല്ലാതെ ജില്ലയിൽ എല്ലാത്തിനും ഒന്നാംസ്ഥാനം നേടി കൊണ്ടായിരുന്നു തലസ്ഥാനത്തേക്കുള്ള യാത്ര. ഒന്നാം വേദിയെ കയ്യിലെടുത്ത പ്രകടനമായിരുന്നു ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ കണ്ടത്. ചിന്മയ എം.നായർ, സജ നസ്രി, ഐശ്വര്യ എന്നിവരുടെ ഗാനാലാപന മികവ് വിജയത്തിന് നിറം നൽകി. ശാഹുൽ ഹമീദ് എന്ന വിദ്യാർഥിയുടെ ഗാനാലാപന പ്രകടനത്തോടൊപ്പം മെയ് വഴക്കവും താളവും ചേർന്നപ്പോൾ അറബന, വട്ടപ്പാട്ട് മത്സരത്തിൽ അനായാസ വിജയം വരിച്ചു. അറബി ഭാഷയുടെ ആത്മാവിനെ തൊട്ടറിഞ്ഞ തിരക്കഥയെ അഭിനയിച്ചു പ്രതിഫലിപ്പിച്ച വിദ്യാർഥികൾ അറബിനാടക വേദിയിലെ ശ്രദ്ധേയമായ സാന്നിധ്യമായി മാറി. കൂടാതെ വയലിൻ, കാർട്ടൂൺ, ചിത്രരചന, മാപ്പിളപ്പാട്ട്, ഇംഗ്ലീഷ് പ്രസംഗം, അറബി പ്രസംഗം, അറബി സംഭാഷണം തുടങ്ങി പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി.
എഴുന്നുറോളം വിദ്യാലയങ്ങൾ മത്സരിച്ചതിൽ എച്ച്.എസ് പോയിന്റ് നിലയിൽ പത്താം സ്ഥാനം നേടി നാടിന് അഭിമാനമായി മാറാൻ കഴിഞ്ഞത് ചരിത്ര നേട്ടമാണ്. വിദ്യാർഥികളെയും അധ്യാപകരെയും പരിശീലകരെയും പിന്തുണച്ച രക്ഷിതാക്കളെയും മാനേജ്മെന്റ്, പി.ടി.എ കമ്മിറ്റികൾ അനുമോദിച്ചു.