സ്വർണാഭരണങ്ങൾ കവർന്ന മോഷ്ടാവിനും മോഷണമുതൽ സ്വീകരിച്ചയാൾക്കും തടവും പിഴയും

മാനന്തവാടി : ഭവനഭേദനം നടത്തി 29 ഓളം പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മോഷ്ടാവിനും മോഷണ മുതൽ സ്വീകരിച്ചയാൾക്കും തടവും പിഴയും. മോഷണം നടത്തിയ അഞ്ചാംമൈല്‍ കുനിയില്‍ അയ്യൂബ് (48) നെയും, മോഷണ മുതൽ സ്വീകരിച്ച കോഴിക്കോട് പന്നിയങ്കര ബിച്ച മൻസിലിൽ അബ്ദുൽ നാസർ (61) നെയുമാണ് മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി || ശിക്ഷിച്ചത്.
ഭവനഭേദനം, മോഷണം, വസ്തുക്കള്‍ തകര്‍ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കായി അയ്യൂബിന് വിവിധ വകുപ്പുകളിലായി 5 വര്‍ഷവും ആറു മാസവും തടവിനും 50000 രൂപ പിഴ അടക്കാനും, നാസറിന് 2 വര്‍ഷവും 6 മാസവും തടവിനും 25,000 രൂപ പിഴ അടക്കാനുമാണ് ഉത്തരവ്.
2018 ഏപ്രിൽ 23ന് ചുണ്ടമുക്ക് രണ്ടേ നാലിലാണ് സംഭവം. കുഞ്ഞബ്ദുള്ളയുടെ വീടിൻ്റെ മുൻ വാതിലിൻ്റെ പൂട്ട് പൊളിച്ച് വിടിനകത്തു കയറിയാണ് അയ്യൂബ് മോഷണം നടത്തിയത്. ഇരുപത്തി ഒമ്പതോളം പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ ഇയാൾ കവർന്നു. പിന്നീട് നാസറിന് മോഷണ മുതൽ വിൽക്കുകയായിരുന്നു. സംഭവ ശേഷം മുങ്ങിയ പ്രതിയെ 4 വർഷങ്ങൾക്ക് ശേഷം 2022 ൽ അന്നത്തെ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ആയിരുന്ന എം.എം അബ്ദുൾകരീമിന്റെ നേതൃത്വത്തിൽ എറണാകുളത്തു വച്ച് പിടികൂടുകയും കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു