രണ്ട് കിലോ കഞ്ചാവും 200 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

കല്‍പ്പറ്റ : കര്‍ണാടകയില്‍നിന്നുള്ള സ്വകാര്യ ആഡംബര ബസിന്റെ പാഴ്‌സല്‍ ബോക്‌സില്‍ കടത്തുകയായിരുന്ന രണ്ട് കിലോഗ്രാം കഞ്ചാവും 200 ഗ്രാം എംഡിഎംഎയും നാലിന് പുലര്‍ച്ചെ തോല്‍പ്പെട്ടി എക്‌സൈസ് ചെക് പോസ്റ്റില്‍ പിടിച്ചെടുത്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മലപ്പുറം തിരൂര്‍ തട്ടാംപറമ്പ് വെട്ടിക്കാടന്‍ സാലിഹ്(35), തിരൂര്‍ കരേക്കോട് കാടാമ്പുഴ മാല്‍ദാരി അബ്ദൂള്‍ഖാദര്‍(38)എന്നിവരെയാണ് മാനന്തവാടി, തിരൂര്‍ എക്‌സൈസ് ടീമുകള്‍ ഇന്നു പുലര്‍ച്ചെ രണ്ടോടെ അറസ്റ്റുചെയ്തത്. തിരൂരില്‍നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ബസിന്റെ പാഴ്‌സല്‍ ബോക്‌സില്‍ ഹാര്‍ഡ് ബോര്‍ഡ് പെട്ടിയിലാണ് കഞ്ചാവും എംഡിഎംഎയും ഉണ്ടായിരുന്നത്. പെട്ടിയില്‍ ജിപിഎസ് സംവിധാനവും വച്ചിരുന്നു. സാലിഹ് ബംഗളൂരുവില്‍നിന്ന് അബ്ദുല്‍ ഖാദറിന്റെ പേരില്‍ ലഹരി വസ്തുക്കള്‍ പാഴ്‌സല്‍ മാര്‍ഗം ആഡംബര ബസില്‍ തിരൂരിലേക്ക് അയയ്ക്കുകയായിരുന്നു. പിന്നീട് സാലിഹ് മറ്റൊരു ബസില്‍ തിരൂരില്‍ എത്തി അബ്ദുള്‍ഖാദറിനോട് പാഴ്‌സല്‍ കൈപ്പറ്റി രാത്രി വൈകി തന്റെ വീട്ടില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചു. പ്രതികളുടെ നീക്കങ്ങള്‍ മനസിലാക്കി ഇന്‍സ്‌പെക്ടര്‍ കെ. ശശിയുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം രാത്രി തിരൂരില്‍ എത്തി. തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. അജയ്യന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സഹകരണത്തോടെ വീടുകള്‍ വളഞ്ഞാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ ലഹരിവസ്തു കൈമാറ്റത്തിനു ഉപയോഗിച്ചിരുന്ന ഫോണുകള്‍ കണ്ടെത്തിയിട്ടുണ്ട്.
തിരൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ചില്ലറ വില്‍പനയ്ക്ക് കടത്തുകയായിരുന്നു ലഹരി വസ്തുക്കള്‍.
പ്രിവന്റിവ് ഓഫീസര്‍മാരായ പി.കെ. ചന്തു, കെ. ജോണി, പി.ആര്‍. ജിനോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പി. ഷിംജിത്ത് എന്നിവരും അടങ്ങുന്നതാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത മാനന്തവാടി എക്‌സൈസ് ടീം. തിരുര്‍ ടീമില്‍ ഇന്‍സ്‌പെക്ടര്‍ക്കു പുറമേ പ്രിവന്റീവ് ഓഫീസര്‍ രവീന്ദ്രനാഥ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ബി. വിനീഷ്, എ. ജയകൃഷ്ണന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.കെ. ഇന്ദുദാസ്,സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ കെ.കെ. ചന്ദ്രമോഹന്‍ എന്നിവര്‍ ഉണ്ടായിരുന്നു. രാവിലെ മാനന്തവാടിയില്‍ എത്തിച്ച പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം ജൂഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.