മുത്തങ്ങ -ഗുണ്ടൽപ്പേട്ട് പാതയിൽ തുരങ്കപാത വരുന്നു : രാത്രിയാത്രാ വിലക്കിന് പരിഹാരമാകും

ഡല്‍ഹി : ബന്ദിപുരിലെ വർഷങ്ങള്‍നീണ്ട രാത്രിയാത്രാവിലക്കിന് ശാശ്വതപരിഹാര നിർദേശവുമായി കേന്ദ്രസർക്കാർ. ബന്ദിപുർ വനമേഖലയിലൂടെ ആറുവരി തുരങ്കപാത നിർമിക്കാനായി വിശദപദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കാൻ കേന്ദ്ര ഗതാഗതമന്ത്രാലയം നിർദേശംനല്‍കി. ബന്ദിപുരിലൂടെ മേല്‍പ്പാതയോ ബദല്‍പ്പാതയോ നിർമിക്കാനുള്ള നിർദേശങ്ങള്‍ തള്ളിക്കൊണ്ടാണ്, വന്യജീവിസഞ്ചാരം തടസ്സപ്പെടുത്താത്ത തുരങ്കപാതാ നിർമാണം.
തുരങ്കപാത നടപ്പായാല്‍ വയനാടുവഴി മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കുമുള്ള യാത്ര സുഗമമാകുന്നതിനൊപ്പം പതിറ്റാണ്ടുകളായുള്ള രാത്രിയാത്രാവിലക്കും ഒഴിവാകും.
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് ക്ഷണിക്കാനായി സംഘത്തോടൊപ്പമെത്തിയ ജോണ്‍ ബ്രിട്ടാസ് എം.പി.യെ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യമറിയിച്ചത്. ബന്ദിപുർ രാത്രിയാത്രാവിലക്കുമായി ബന്ധപ്പെട്ട ചോദ്യം ജോണ്‍ ബ്രിട്ടാസ് ബുധനാഴ്ച രാജ്യസഭയില്‍ ഉന്നയിക്കാനിരുന്നതാണ്. ഭരണ-പ്രതിപക്ഷ ബഹളത്തില്‍ സഭ പിരിഞ്ഞതിനാല്‍ തനിക്കത് ചോദിക്കാനായില്ലെന്ന് ഔദ്യോഗികവസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മന്ത്രിയോട് ജോണ്‍ ബ്രിട്ടാസ് അറിയിച്ചപ്പോഴാണ്, ബന്ദിപുരിലെ പുതിയ പദ്ധതിനിർദേശത്തേക്കുറിച്ച് ഗഡ്കരി വിശദീകരിച്ചത്.
മേല്‍പ്പാത (എലവേറ്റഡ് പാത) എന്ന കേരളത്തിന്റെ നിർദേശം മുഖ്യമന്ത്രിയും അറിയിച്ചിരുന്നതായി ഗഡ്കരി പറഞ്ഞു. പ്രായോഗിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വനം, പരിസ്ഥിതി വകുപ്പുകള്‍ ഇത് നിരസിച്ചു. കർണാടകവും ഇതിനോട് യോജിച്ചില്ല. അതിനാല്‍ പുതിയമാർഗം തേടുകയാണെന്ന് ഗഡ്കരി പറഞ്ഞു. ദേശീയപാതാ അതോറിറ്റി അംഗം വെങ്കിട്ടരാമനോട് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനും നിർദേശിച്ചു. പദ്ധതി രൂപരേഖ കാട്ടി വെങ്കിട്ടരാമൻ ഇക്കാര്യം സംഘത്തോട് വിശദീകരിച്ചു.
ദേശീയപാത 766-ലെ ഏറ്റവും വന്യജീവികളുള്ള ബന്ദിപുരിലെ 25 കിലോമീറ്റർ ഭാഗത്താണ് രാത്രി ഒൻപതുമുതല്‍ രാവിലെ ആറുവരെ യാത്രാവിലക്കുള്ളത്. ഈ മേഖലയിലാണ് തുരങ്കപാത വരുന്നത്. ബന്ദിപുർ കേസ് ഇനി പരിഗണിക്കുമ്ബോള്‍ തുരങ്കപാതാനിർദേശം കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചേക്കും.
തള്ളിയ നിർദേശങ്ങള്‍:
* ഹുൻസുർ-ഗോണിക്കുപ്പ-കുട്ട വഴി മാനന്തവാടിയിലെത്തുന്ന ബദല്‍പ്പാത. കടുവസങ്കേതത്തിലൂടെയുള്ള മേഖലകളില്‍ മേല്‍പ്പാതയും വന്യമൃഗങ്ങള്‍ക്ക് കടന്നുപോകാൻ അടിപ്പാതയും
* നിലവിലുള്ള ദേശീയപാതയില്‍ത്തന്നെ പരിഹാരമാർഗങ്ങള്‍ കണ്ടെത്തി 24 മണിക്കൂറും ഗതാഗതം സാധ്യമാക്കുകയാണ് അഭികാമ്യമെന്ന് 2018-ല്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി. ദേശീയപാതയില്‍ കർണാടകഭാഗത്ത് നാലും വയനാട്ടില്‍ ഒന്നുമടക്കം ഒരു കിലോമീറ്റർവീതം ദൈർഘ്യമുള്ള അഞ്ച് മേല്‍പ്പാലങ്ങള്‍.