പ്രഫ.ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പ് : അപേക്ഷ ക്ഷണിച്ചു

കഴിഞ്ഞ അദ്ധ്യയന വര്‍ഷം (2023-24) വിവിധ കോഴ്‌സുകളില്‍ (എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.സി, ഡിഗ്രി, പി.ജി) ഉന്നത വിജയം നേടിയ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പ്രഫ.ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിനായി (പി.ജെ.എം.എസ്) ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം.
വിവിധ സര്‍ക്കാര്‍/എയ്‌ഡഡ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.സി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും ബിരുദ തലത്തില്‍ 80% മാര്‍ക്കും ബിരുദാനന്തര ബിരുദ തലത്തില്‍ 75% മാര്‍ക്കും നേടിയ ന്യൂനപക്ഷമത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അവാര്‍ഡ്.
സംസ്‌ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് ഡിസംബര്‍ 26 വരെ അപേക്ഷിക്കാം.
കേരളത്തിലെ വിവിധ ന്യൂനപക്ഷ വിഭാഗങ്ങളായി നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുള്ള ക്രിസ്‌ത്യന്‍, മുസ്ലീം, സിഖ്, ജൈന, പാഴ്‌സി ബുദ്ധ വിഭാഗങ്ങളിലുള്ളവര്‍ക്ക് ജനസംഖ്യാനുപാതത്തിലാണു സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഒറ്റത്തവണ നല്‍കുന്ന എക്‌സലന്‍സി അവാര്‍ഡായതിനാല്‍ മറ്റു സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാനാവും.
അടിസ്‌ഥാന യോഗ്യത:
അപേക്ഷകര്‍, സ്‌കോളര്‍ഷിപ്പിന് ആധാരമായ കോഴ്‌സ് പഠിച്ചത് കേരളത്തിനുള്ളിലെ സര്‍ക്കാര്‍/ എയ്‌ഡഡ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലായിരിക്കണം. ബി.പി.എല്‍. വിദ്യാര്‍ഥികള്‍ക്ക് സ്വാഭാവികമായും മുന്‍ഗണന ലഭിക്കും. ഇവരുടെ അഭാവത്തില്‍ കുടുംബ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ താഴെയുള്ള എ.പി.എല്‍ വിഭാഗക്കാരെയും പരിഗണിക്കും.
സ്‌കോളര്‍ഷിപ്പ് ആനുകൂല്യം പ്രധാനമായും നാലു തലങ്ങളിലാണ്.
1. എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ് ലഭിച്ചവര്‍: 10,000 രൂപ.
2. പ്ലസ് ടു/വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയവര്‍: 10,000 രൂപ.
3. ബിരുദത്തിന് 80% മാര്‍ക്ക് നേടിയവര്‍: 15,000 രൂപ
4. ബിരുദാനന്തര ബിരുദത്തിന് 75% മാര്‍ക്ക് നേടിയവര്‍: 15,000 രൂപ.
അപേക്ഷാക്രമം:
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഒൗദ്യോഗിക വെബ്‌സൈറ്റില്‍ ഡിസംബര്‍ 26 നു മുമ്ബ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചശേഷം രജിസ്‌ട്രേഷന്‍ ഫോമിന്റെ പ്രിന്റ് ഒൗട്ട് നിര്‍ദ്ദിഷ്‌ട രേഖകള്‍ സഹിതം അപേക്ഷകന്‍ പഠിച്ചിരുന്ന സ്‌ഥാപനമേധാവിക്ക് ഡിസംബര്‍ 28 നു മുമ്ബായി സമര്‍പ്പിക്കണം. സ്‌ഥാപനമേധാവികള്‍ ഡിസംബര്‍ 30 നു മുമ്ബായി സൂക്ഷ്‌മപരിശോധന നടത്തി ഓണ്‍ലൈന്‍ അപ്രൂവല്‍ നല്‍കേണ്ടതുണ്ട്.
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍:
1. അപേക്ഷകന്റെ ബാങ്ക് പാസ്‌ബുക്കിന്റെ പകര്‍പ്പ്.
2. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്.
3. എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.സി, ഡിഗ്രി, പി.ജി. മാര്‍ക്ക്‌ലിസ്‌റ്റിന്റെ കോപ്പി.
4. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്.
5. കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്/മൈനോരിറ്റി സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്.
6.റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്.
7. വില്ലേജ് ഓഫീസില്‍നിന്നുള്ള അസ്സല്‍ വരുമാന സര്‍ട്ടിഫിക്കറ്റ്.