മധ്യവയസ്ക്ക വീടിനുള്ളിൽ മരിച്ചനിലയിൽ

പനമരം : മധ്യവയസ്ക്കയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പാതിരിയമ്പം ചെക്കിട്ട ഉന്നതിയിലെ രവിയുടെ ഭാര്യ ബിന്ദു (51) വിനെയാണ് വ്യാഴാഴ്ച അർദ്ധരാത്രി വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരുഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചതോടെ പനമരം പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ബിന്ദുവിന് ഒരാഴ്ചയായി വയറുവേദന ഉണ്ടായിരുന്നു. ആശുപത്രിയിൽ പോവാൻ ട്രൈബൽ വകുപ്പ് ആംബുലൻസ് അനുവദിച്ചില്ലെന്നും, ഭർത്താവ് അസുഖവിവരം ഭാര്യ വീട്ടുകാരെ അറിയിച്ചില്ലെന്നുമാണ് പരാതി.
എന്നാൽ എട്ടുമാസം മുമ്പാണ് ബിന്ദു രണ്ടാം വിവാഹം കഴിച്ച് ചെക്കിട്ടയിൽ എത്തിയത്. അസുഖമുള്ളത് ആരും അറിയിച്ചില്ല. വെള്ളിയാഴ്ച രാവിലെ മരണ വിവരമറിഞ്ഞ് എത്തിയപ്പോഴാണ് വയറുവേദന ഉണ്ടായിരുന്നതായി അറിയുന്നത്. അന്വേഷിച്ചപ്പോൾ പച്ചമരുന്ന് കഴിച്ചെന്നും ഇവർ ഇംഗ്ലീഷ് മരുന്ന് കഴിക്കാറില്ലെന്നും, അതിനാൽ ബിന്ദു ആശുപത്രിയിൽ പോവാൻ കൂട്ടാക്കിയില്ലെന്നുമാണ് വീട്ടുകാർ അറിയിച്ചതെന്ന് പ്രൊമോട്ടർ പറഞ്ഞു.