കമ്പളക്കാട് എസ്റ്റേറ്റ് ഗോഡൗണിലെ മോഷണം : സഹോദരങ്ങള്‍ പിടിയില്‍

കമ്പളക്കാട് : എസ്റ്റേറ്റ് ഗോഡൗണില്‍ അതിക്രമിച്ചു കയറി ജോലിക്കാരന്റെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി കാപ്പിയും കുരുമുളകും കവര്‍ന്ന കേസില്‍ സഹോദരങ്ങളെ വയനാട് പോലീസ് കോഴിക്കോട് നിന്ന് പിടികൂടി. കോഴിക്കോട് പൂനൂര്‍ കുറുപ്പിന്റെക്കണ്ടി പാലംതലക്കല്‍ വീട്ടില്‍ അബ്ദുള്‍ റിഷാദ് (29), കെ.പി. നിസാര്‍ (26) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കവർച്ച നടത്തിയശേഷം കുന്ദമംഗലം പെരിങ്ങളത്ത് വാടക വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ ചൊവ്വാഴ്ച പുലര്‍ച്ചെ പോലീസ് വീടുവളഞ്ഞ് സാഹസികമായി പിടികൂടുകയായിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളെ വയനാട് പൊലീസ് വലയിലാക്കി. 250-ഓളം സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെയും നടത്തിയ ശാസ്ത്രീയാന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നത്.
നവംബർ 15 ന് രാത്രിയോടെയാണ് കമ്പളക്കാട് ചുണ്ടക്കര പൂളക്കൊല്ലി എന്ന സ്ഥലത്തുള്ള എസ്റ്റേറ്റ് ഗോഡൗണില്‍ കവര്‍ച്ച നടന്നത്. ഗോഡൗണില്‍ അതിക്രമിച്ചു കയറി ജോലിക്കാരനെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി കൈകള്‍ കെട്ടിയിട്ടായിരുന്നു കവര്‍ച്ച. 70 കിലോയോളം തൂക്കം വരുന്ന 43000 രൂപയോളം വില മതിക്കുന്ന കുരുമുളകും, 12000 രൂപയോളം വില വരുന്ന കാപ്പിയുമാണ് ഇവര്‍ കവര്‍ന്നത്.
മോഷണം നടന്നതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമാതാരി ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം കല്‍പ്പറ്റ ഡിവൈ.എസ്.പി ബിജുരാജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്ക്കരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിലാണ് മൂന്ന് ദിവസത്തിനുള്ളില്‍ പ്രതികള്‍ വലയിലാകുന്നത്. കമ്പളക്കാട് എസ്.എച്ച്.ഒ എം.എ. സന്തോഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.കെ. നൗഫല്‍, കെ.കെ. വിപിന്‍, കെ. മുസ്തഫ, എം. ഷമീര്‍, എം.എസ്. റിയാസ്, ടി.ആർ രജീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ വി.പി. ജിഷ്ണു, മുഹമ്മദ് സക്കറിയ, പി.ബി അജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.