April 1, 2025

ബത്തേരിയിലേക്ക് വന്ന നാടകസംഘം സഞ്ചരിച്ച മിനിബസ് മറിഞ്ഞു ; രണ്ട് മരണം, 14 പേര്‍ക്ക് പരിക്ക്‌

Share

 

മാനന്തവാടി : കേളകത്ത് നാടക സംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. കായംകുളം ദേവ കമ്യൂണിക്കേഷൻസ് നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. 14 പേർക്ക് പരിക്കേറ്റു.

 

വെള്ളിയാഴ്ച പുലർച്ചയോടെയാണ് അപകടമുണ്ടായത്. കേളകം മലയാമ്ബാടി റോഡിലെ എസ് വളവില്‍ വെച്ച്‌ നാടകസംഘം സഞ്ചരിച്ചിരുന്ന ബസ് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചനകള്‍.

 

വയനാട്ടിലെ ബത്തേരിയിലേക്ക് വരികയായിരുന്നു സംഘം. നെടുംപൊയില്‍ വാടി റോഡില്‍ പേര്യ ചുരത്തില്‍ എത്തിയപ്പോള്‍ വഴി ബ്ലോക്കാണെന്ന് അറിഞ്ഞ് കൊട്ടിയൂർ ബോയ്സ് ടൗണ്‍ റോഡിലേക്ക് പോകുന്നതിനാണ് എളുപ്പവഴിയിലൂടെ സംഘം കേളകത്തേക്ക് പോയത്. ഒരു കിലോമീറ്ററോളമുള്ള കുത്തനെയുള്ള ഇറക്കം ഇറങ്ങി മലയാം പടിയിലെത്തിയ ശേഷം ചെറിയ ഇറക്കത്തിലെ വളവില്‍ എത്തിയപ്പോള്‍ ആണ് അപകടം. വാഹനത്തിന്റെ മുൻ സീറ്റില്‍ ഇരുന്നവരാണ് മരിച്ചത്. താഴെയുള്ള കുഴിയിലേക്ക് മുൻഭാഗം കുത്തി വീണ വാഹനം ചെറിയൊരു മരത്തില്‍ തങ്ങിയാണ് നിന്നത്. വാഹനം മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.

 

ഉമേഷ് (39), ബിന്ദു (56), ചെല്ലപ്പൻ (43) സുരേഷ് (60), വിജയകുമാർ (52), ഷിബു (48), ഉണ്ണി (51), ശ്യാം (38), സുഭാഷ് (59) എന്നിവരാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.