വഖഫ് ബോർഡിനെതിരായ പരാമർശം : സുരേഷ് ഗോപിക്കെതിരെ പരാതിയുമായി കോൺഗ്രസ്

കമ്പളക്കാട് : വഖഫ് ബോർഡിനെതിരെയുള്ള പരാമർശത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി. കെ.പി.സി.സി മീഡിയ പാനലിസ്റ്റ് അഡ്വ. വി.ആർ.അനൂപാണ് കമ്പളക്കാട് പോലീസിൽ പരാതി നൽകിയത്. വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമ്പളക്കാട് ടൗണിൽ സംസാരിക്കവെ സുരേഷ് ഗോപി മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. വഖഫ് ബോർഡ് കിരാതമാണെന്നും അതിനെ പൂട്ടിക്കെട്ടുമെന്നും സുരേഷ് ഗോപി പറഞ്ഞെന്നും, ഈ പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതും രണ്ട് മതവിഭാഗങ്ങളെ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കുന്നതുമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തിലെ ഐക്യം തകർക്കുന്നതും കലാപാഹ്വാനം നടത്തുന്നതുമാണ് പരാമർശമെന്നും പരാതിയിലുണ്ട്.
ശനിയാഴ്ച തുണ ആപ്പിലൂടെയാണ് സുരേഷ് ഗോപിക്കെതിരെ അഡ്വ. വി.ആർ.അനൂപ് കമ്പളക്കാട് പോലീസിന് പരാതി നൽകിയത്. രാത്രി എട്ടരയോടെ കമ്പളക്കാട് പോലീസ് പരാതി സ്വീകരിച്ചതായി അദ്ദേഹത്തിന് സന്ദേശം ലഭിച്ചു. പോലീസ് നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായി മുന്നോട്ടു പോവും. സുരേഷ് ഗോപിയുടെ പരാമർശം ശ്രദ്ധയിൽപ്പെട്ടതിനാലാണ് പരാതി നൽകിയത്. അഡ്വ. വി. ഗോപാലകൃഷ്ണൻ കമ്പളക്കാട് നടത്തിയ പരാമർശം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പരിശോധിച്ച ശേഷം വേണ്ടിവന്നാൽ പരാതി നൽകുമെന്നും അഡ്വ. വി.ആർ.അനൂപ് പറഞ്ഞു. അതേസമയം, സുരേഷ് ഗോപിക്കെതിരായ പരാതിയിൽ എഫ്.ഐ.ആർ ഇട്ടിട്ടില്ല.
മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം മുന്നോട്ട് പോവുമെന്ന് കമ്പളക്കാട് പോലീസ് പറഞ്ഞു.