March 15, 2025

സഞ്ജുവിന്റെ തകർപ്പൻ സെഞ്ചുറി ; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 61 റണ്‍സിന്റെ മിന്നും ജയം

Share

 

ഡർബൻ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 61 റണ്‍സിന്റെ തകർപ്പൻ ജയം.ഇന്ത്യ പടുത്തുയർത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141 റണ്‍സിന് ഓള്‍ഔട്ടായി.

 

മലയാളി താരം സഞ്ജു സാംസണിന്റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടിയത്.

 

ഡർബനില്‍ വെറും 47 പന്തിലാണ് സഞ്ജു സെഞ്ചുറി പൂർത്തിയാക്കിയത്. 10 സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്. ഒടുവില്‍ 50 പന്തില്‍ 107 റണ്‍സ് എടുത്താണ് സഞ്ജു ക്രീസ് വിട്ടത്. ഇതോടെ ട്വന്റി20-യില്‍ തുടർച്ചയായ കളികളില്‍ സെഞ്ചുറി നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമെന്ന നേട്ടവും സഞ്ജു സാംസണ്‍ സ്വന്തമാക്കി.

 

ഇന്ത്യൻ ബാറ്റിങ് നിരയില്‍ തിലക് വർമ 33 റണ്‍സും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 21 റണ്‍സും എടുത്തു. അഭിഷേക് ശർമ എട്ട് പന്തില്‍ എഴും ഹാർദിക് പാണ്ഡ്യ ആറ് പന്തില്‍ രണ്ട് റണ്‍സും റിങ്കു സിങ് പത്ത് പന്തില്‍ 11 റണ്‍സും അക്സർ പട്ടേല്‍ ഏഴ് പന്തില്‍ ഏഴ് റണ്‍സുമെടുത്ത് പുറത്തായി. നാല് പന്തില്‍ അഞ്ച് റണ്‍സുമായി അർഷ്ദീപ് സിങ്ങും മൂന്ന് പന്തില്‍ ഒരു റണ്ണുമായി രവി ബിഷണോയിയും പുറത്താകാതെ നിന്നു.

 

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്കായി സഞ്ജുവും അഭിഷേകും കരുതലോടെയാണ് തുടങ്ങിയത്. ജെറാള്‍ഡ് കോറ്റ്സി എറിഞ്ഞ നാലാം ഓവറില്‍ അഭിഷേക് ശർമ മടങ്ങി. 8 പന്തില്‍ ഏഴ് റണ്‍സെടുത്ത അഭിഷേക് ശർമ അയ്ഡൻ മാർക്രത്തിന് ക്യാച്ച്‌ നല്‍കിയാണ് പുറത്തായത്. മൂന്നാം നമ്ബറിലിറങ്ങിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സഞ്ജുവിനൊപ്പം ചേർന്നതോടെ സ്കോർ മുന്നോട്ട് കുതിച്ചു. ഇതിനിടെ വമ്ബൻ അടിയുമായി കളംനിറഞ്ഞ സഞ്ജു സാംസണ്‍ അർധ സെഞ്ചുറി തികച്ചു. 27 പന്തിലാണ് സഞ്ജു അർധസെഞ്ചുറി തികച്ചത്. പിന്നാലെ 17 പന്തില്‍ 21 റണ്‍സെടുത്ത സൂര്യകുമാർ യാദവും മടങ്ങി. 18 പന്തില്‍ 33 റണ്‍സ് എടുത്താണ് തിലക്ക് വർമ മടങ്ങിയത്. ഇന്ത്യൻ നിരയില്‍ മറ്റാർക്കും തിളങ്ങാനായില്ല.

 

നേരത്തെ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള സീനിയർ ടീം ന്യൂസീലൻഡിനെതിരായ ടെസ്റ്റില്‍ സമ്ബൂർണ തോല്‍വി വഴങ്ങിയതിനുപിന്നാലെയാണ് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള യുവനിര പരമ്ബരയ്ക്ക് ഇറങ്ങുന്നത്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.