ഇനി റേഷൻ മസ്‌റ്ററിംഗ് വീട്ടിലിരുന്ന് ചെയ്യാം ; മേരാ ഇ-കെവൈസി ആപ്പിലൂടെ
തിരുവനന്തപുരം : റേഷൻ മസ്‌റ്ററിംഗ് പൂർത്തിയാക്കാൻ ഇനി വീട്ടിലിരുന്ന് തന്നെ കഴിയും. ഇതിനായി റേഷൻ കടകളിൽ ചെന്ന് നീണ്ട ക്യൂവിൽ കാത്തിരിക്കാതെ മസ്‌റ്ററിംഗ് പൂർത്തിയാക്കാൻ വേണ്ടി പുതിയ ആപ്പിന്റെ സഹായം തേടാനാണ് നിർദ്ദേശം. മേരാ കെവൈസി എന്ന ആപ്പിലൂടെയാണ് ഓൺലൈനായി വീട്ടിലിരുന്ന് തന്നെ മസ്‌റ്ററിംഗ് നടത്താൻ കഴിയുക. ഈ ആപ്പ് മുഖേന മസ്‌റ്ററിംഗ് ചെയ്യാൻ അവസരം ഒരുക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
നാഷണൽ ഇൻഫോമാറ്റിക് സെന്റർ അഥവാ എൻഐസി വികസിപ്പിച്ചെടുത്തതാണ് ഈ ആപ്പ്. സംസ്ഥാനത്ത് മസ്‌റ്ററിംഗ് പൂർത്തിയാക്കാനുള്ള തീയതി നേരത്തെ നീട്ടിയിരുന്നു. പല റേഷൻ കടകൾക്ക് മുന്നിലും നീണ്ട ക്യൂവായിരുന്നു നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് കേരളം ആപിന്റെ സഹായം തേടുന്നത്.
എങ്ങനെയാണ് ചെയ്യേണ്ടത്?
ഇതിനായി ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും ആധാർ ഫേസ് ആർഡി, മേരാ ഇ-കെവൈസി എന്നീ രണ്ട് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. തുടർന്ന് മേരാ ഇ-കെവൈസി ആപ്പ് ഓപ്പണ്‍ ചെയ്‌ത് സംസ്ഥാനം തിരഞ്ഞെടുത്ത് ആധാര്‍ നമ്പര്‍ അതിൽ കൊടുക്കണം. ശേഷം നിങ്ങൾക്ക് ആധാറുമായി ലിങ്ക് ചെയ്‌തിട്ടുള്ള ഫോണില്‍ ലഭിക്കുന്ന ഒടിപിയും ഇവിടെ നൽകണം. ശേഷം ഫേസ് ക്യാപ്ച്ചർ വഴി നിങ്ങൾക്ക് മസ്‌റ്ററിംഗ് പൂർത്തിയാക്കാം.
അതേസമയം, ഈ സേവനം തികച്ചും സൗജന്യമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇതിനായി എന്തെങ്കിലും പ്രത്യേക ഫീസോ മറ്റോ ഈടാക്കുന്നതല്ല. അങ്ങനെ ഏതെങ്കിലും സ്ഥാപനങ്ങൾ, അല്ലെങ്കിൽ വ്യക്തികൾ ഇത്തരത്തിൽ പണം ഈടാക്കി സേവനം ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടാൽ ഉടൻ അധികൃതരെ വിവരം അറിയിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
നേരത്തെ റേഷൻ കാർഡ് ഉടമകൾക്ക് സർക്കാർ മസ്‌റ്ററിംഗുമായി ബന്ധപ്പെട്ട കർശന നിർദ്ദേശം നൽകിയിരുന്നു. മരണപ്പെട്ടവരുടെയും വിദേശത്തുള്ള ആളുകളുടെയും പേരുകൾ അറിയാക്കാനായിരുന്നു നിർദ്ദേശം. മഞ്ഞ, നീല, പിങ്ക് കാർഡുകളിൽ മരണപ്പെട്ടവരുടെ പേര് ഇപ്പോഴും തുടരുന്നുണ്ടെങ്കിൽ അത് നീക്കം ചെയ്യാനും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സംസ്ഥാനത്ത് 19,84,134 എഎവൈ കാർഡ് അംഗങ്ങളിൽ 16,75,686 പേരും (84.45 ശതമാനം) പിഎച്ച്എച്ച് വിഭാഗത്തിലുള്ള 1,33,92,566 അംഗങ്ങളിൽ 1,12,73,363 പേരും ( 84.18 ശതമാനം) മസ്‌റ്ററിംഗ് പൂർത്തീകരിച്ചു എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി വളരെ വൈകിയാണ് കേരളത്തിൽ നടപടിക്രമങ്ങൾ ആരംഭിച്ചതെങ്കിലും ഇക്കാര്യത്തിൽ വലിയ പുരോഗതി ഉണ്ടായി എന്നതാണ് പ്രത്യേകത.