പത്താംക്ലാസ്സ്, പ്ലസ്ടുക്കാരുടെ ശ്രദ്ധയ്ക്ക് : സി.ബി.എസ്.സി പ്രാക്ടിക്കല്‍ പരീക്ഷാത്തീയതികള്‍ എത്തി

ഡല്‍ഹി: സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ 2025 ലെ സി ബി എസ് ഇ 10, 12 ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു.ഷെഡ്യൂള്‍ അനുസരിച്ച്, പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2025 ജനുവരി 1 മുതലും തിയറി പരീക്ഷകള്‍ 2025 ഫെബ്രുവരി 15 മുതലും ആരംഭിക്കും. ബോർഡ് പരീക്ഷകള്‍ എഴുതുന്ന വിദ്യാർത്ഥികള്‍ക്ക് cbse.gov.in എന്ന ബോർഡിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറി വിശദമായ ഷെഡ്യൂള്‍ പരിശോധിക്കാവുന്നതാണ്.
വിഷയം തിരിച്ചുള്ള മാർക്ക് വിതരണം
പരീക്ഷാ തീയതി പ്രഖ്യാപനത്തോടൊപ്പം, 10, 12 ക്ലാസുകളിലെ വിഷയ അടിസ്ഥാനത്തിലുള്ള മാർക്ക് വിതരണം എങ്ങനെ എന്നും ബോർഡ് വെബ്സൈറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ വിഷയത്തിനും ആകെ 100 മാർക്ക് ഉണ്ടായിരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. തിയറി, പ്രാക്ടിക്കല്‍, പ്രോജക്ടുകള്‍, ഇൻ്റേണല്‍ അസസ്‌മെൻ്റുകള്‍ എന്നിങ്ങനെയാണ് മാർക്ക് വിഭജനം.
10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകള്‍ എഴുതാൻ വിദ്യാർത്ഥികള്‍ക്ക് കുറഞ്ഞത് 75 ശതമാനം ഹാജർ ഉണ്ടായിരിക്കണമെന്ന് കാണിച്ച് സി ബി എസ് ഇ അടുത്തിടെ ഒരു അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ബോർഡ് പറയുന്നത് അനുസരിച്ച്, മെഡിക്കല്‍ അത്യാഹിതങ്ങള്‍, ദേശീയ അന്തർദേശീയ കായിക മത്സരങ്ങളില്‍ വിദ്യാർത്ഥികളുടെ പങ്കാളിത്തം അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രധാന കാരണങ്ങളാല്‍ മാത്രമേ വിദ്യാർത്ഥികള്‍ക്ക് 25 ശതമാനം ഹാജർ ഇളവ് അനുവദിക്കൂ. ഹാജർ ഇളവുകള്‍ ലഭിക്കുന്നതിന് അനുബന്ധ രേഖകള്‍ നല്‍കേണ്ടതും അത്യാവശ്യമാണ്.