വൈദ്യുതി സേവനങ്ങള്‍ക്ക് ജി.എസ്.ടി. ഒഴിവാക്കി : മീറ്റര്‍വാടക ഉള്‍പ്പെടെ കുറയും

തിരുവനന്തപുരം : കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസുകളുമായി ബന്ധപ്പെട്ട ഭൂരിഭാഗം ഉപഭോക്‌തൃ സേവനങ്ങള്‍ക്കും ജി.എസ്.ടി.ഒഴിവാക്കി. വൈദ്യുതി വിതരണ കമ്ബനികളുടെ വിതരണ-പ്രസരണ ഇടപാടുകള്‍ക്ക് ജി.എസ്.ടി. കൗണ്‍സില്‍ ഇളവു നല്‍കിയതിനെത്തുടര്‍ന്നാണിത്. ഇതോടെ വൈദ്യുതി ബില്ലിലെ മീറ്റര്‍ വാടകയില്‍ ഉള്‍പ്പെടെ കുറവുണ്ടാകും.
നിലവില്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട ഭൂരിഭാഗം ഇടപാടുകള്‍ക്കും 18% ആണ് ജി.എസ്.ടി. വൈദ്യുതി ബില്ലിലെ വിവിധ വിഭാഗങ്ങളില്‍ ജി.എസ്.ടി. ഈടാക്കുന്നത് മീറ്റര്‍ വാടകയ്‌ക്കാണ്. നിലവില്‍ ത്രീ ഫെയ്‌സ് കണക്ഷന് മീറ്റര്‍ വാടകയായി 30 രൂപ നല്‍കുന്നവര്‍ കേന്ദ്ര, സംസ്‌ഥാന ജി.എസ്.ടി. വിഹിതമായി 5.40 രൂപ അധികമായി അടയ്‌ക്കണം. എന്നാല്‍, ഇനി ബില്ലില്‍ 5.40 രൂപ കുറയും. 6 രൂപ മുതല്‍ 1000 രൂപ വരെ മീറ്റര്‍ വാടകയുള്ള വിവിധ വിഭാഗം ഉപയോക്‌താക്കള്‍ക്ക് ഇത്തരത്തില്‍ തുക കുറയും.
സെക്ഷന്‍ ഓഫീസുകളുമായി ബന്ധപ്പെട്ട വിവിധ ഡിപ്പോസിറ്റ് ജോലികള്‍ക്കും നികുതി ഒഴിവാകും. വീടിനു സമീപത്തെ പോസ്‌റ്റ് മാറ്റിസ്‌ഥാപിക്കുന്നത് ഡിപ്പോസിറ്റ് ജോലിയാണ്.
അതേസമയം, സൗരോര്‍ജ പ്ലാന്റുമായി ബന്ധപ്പെട്ട ഭൂരിഭാഗം സേവനങ്ങള്‍ക്കും നിലവിലുള്ള ജി.എസ്.ടി. തുടരും. വിവിധ കരാര്‍ ജോലികള്‍ക്കും ജി.എസ്.ടി. തുടരും. മീറ്റര്‍ വാടക, വീലിങ് ചാര്‍ജ്, ട്രാന്‍സ്‌മിഷന്‍ ചാര്‍ജ് എന്നിവയ്‌ക്കാണു വൈദ്യുതി മേഖലയില്‍ പ്രധാനമായി ജി.എസ്.ടി. ഒഴിവാകുന്നത്.