October 22, 2024

കേരള ബാങ്കില്‍ പലിശ ഇളവോടെ രണ്ട് കോടി വരെ കാര്‍ഷിക വായ്പ

Share

 

തിരുവനന്തപുരം : കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകള്‍, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകള്‍ (എഫ്.പി.ഒ), സ്വയം സഹായ സംഘങ്ങള്‍, ഇതര സഹകരണ സംഘങ്ങള്‍ എന്നിവർക്ക് കുറഞ്ഞ പലിശ നിരക്കില്‍ രണ്ട് കോടി രൂപ വരെ കേരള ബാങ്കില്‍ അഗ്രികള്‍ച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് വായ്പ അനുവദിക്കുന്നു.

 

കർഷകരുടെ തൊഴിലവസരവും വരുമാനവും വർധിപ്പിക്കുന്നതിനായുള്ള അഗ്രികള്‍ച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടില്‍ നിന്നുള്ള മൂന്ന് ശതമാനം പലിശ ഇളവോടെ ആറ് ശതാമനം പലിശക്കാണ് കർഷകർക്ക് കേരള ബാങ്ക് എ.ഐ.എഫ് വായ്പ അനുവദിക്കുന്നത്. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങള്‍ക്ക് മാത്രം അനുവദിച്ചിരുന്ന എ.ഐ.എഫ് വായ്പയാണ് വ്യക്തികള്‍ക്കും ഇതര സഹകരണ സംഘങ്ങള്‍ക്കും നല്‍കാൻ തീരുമാനമായത്. ഒരു യൂനിറ്റിന് പദ്ധതി തുകയുടെ 90 ശതമാനം അല്ലെങ്കില്‍ രണ്ട് കോടി രൂപ വരെയാണ് എ.ഐ.എഫ് വായ്പ അനുവദിക്കുന്നത്. കാർഷിക മൂല്യവർധിത ഉല്‍പ്പന്നങ്ങളുടെ നിർമാണത്തിന് വായ്പ പ്രയോജനപ്പെടുത്താം.

 

കൂടാതെ കർഷകർക്കായുള്ള ഹ്രസ്വകാല, ദീർഘകാല കാർഷിക വായ്പകളും കുറഞ്ഞ പലിശ നിരക്കില്‍ കേരള ബാങ്ക് വഴി അനുവദിക്കുന്നു. ക്ഷീരകർഷകർക്ക് രണ്ട് ലക്ഷം രൂപ വരെ അനുവദിക്കുന്ന ക്ഷീരമിത്ര വായ്പയും കരിമീൻ, കാളാഞ്ചി, കൂടുമത്സ്യകൃഷി, ചെമ്മീൻ, വനാമി കർഷകർക്കുള്ള പ്രവർത്തന മൂലധന വായ്പയും ദീർഘകാല വായ്പയും കുറഞ്ഞ പലിശ നിരക്കില്‍ സർക്കാർ സബ്സിഡിയോടെ ലഭ്യമാണ്. ശീതീകരണ സൗകര്യത്തോടുകൂടിയ മത്സ്യ വില്പന വാഹനത്തിനും വായ്പ അനുവദിക്കുന്നു.

 

2025-26 ല്‍ ബാങ്കിന്റെ മൊത്തം വായ്പയുടെ മൂന്നിലൊന്ന് കാർഷിക മേഖലക്ക് ഉറപ്പാക്കുന്ന തരത്തിലാണ് പ്രവർത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ സാമ്ബത്തിക വർഷം കാർഷിക മേഖലയില്‍ മാത്രം 99,200 പുതിയ വായ്പകളാണ് ബാങ്ക് വിതരണം ചെയ്തത്. അഗ്രികള്‍ച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതി (എ.ഐ.എഫ്) ഉപയോഗിച്ച്‌ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങള്‍ക്ക് വിവിധ പ്രോജക്ടുകള്‍ക്കായി രാജ്യത്ത് ഏറ്റവും കൂടുതല്‍ വായ്പ വിതരണം ചെയ്തത് കേരള ബാങ്കിലൂടെയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.