വയനാട്ടില്‍ പ്രിയങ്കയെ നേരിടാൻ ഖുശ്ബു വരുമോ ? മറുപടിയുമായി താരം

കൽപ്പറ്റ : വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി നടിയും മുൻ ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുശ്ബു സുന്ദർ വരുമെന്ന് റിപ്പോർട്ട്. എന്നാൽ, വയനാട്ടിലെ തന്റെ സ്ഥാനാർഥിത്വത്തെപ്പറ്റി അറിയില്ലെന്നു ഖുശ്ബു പ്രതികരിച്ചു. വയനാട്ടിൽ മത്സരിക്കണമെന്ന ആവശ്യവുമായി ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്നും ഖുശ്ബു പറഞ്ഞു.
വയനാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്നെ ആരും സമീപിച്ചിട്ടില്ല. പ്രചരിക്കുന്ന റിപ്പോർട്ടുകളെ കുറിച്ച് അറിയില്ല. ദേശീയ നേതൃത്വമോ സംസ്ഥാന നേതൃത്വമോ എന്നോട് ഇക്കാര്യം സംസാരിച്ചിട്ടില്ല – ഖുശ്ബു പ്രതികരിച്ചു. രാഹുൽ ഗാന്ധി മണ്ഡലമൊഴിഞ്ഞ സാഹചര്യത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയാണു കോൺഗ്രസിനായി മത്സരിക്കുന്നത്. സിപിഐ നേതാവ് സത്യൻ മൊകേരിയാണ് ഇടതു സ്ഥാനാർഥി.
അതേസമയം, ബിജെപിയുടെ അന്തിമപട്ടികയില്‍ താരം ഇടംപിടിച്ചതായാണ് വിവരം.
തൃശൂരിന് സമാനമായ രീതിയില്‍ സിനിമാ താരത്തെ മത്സരിപ്പിക്കുന്നതില്‍ സംസ്ഥാന ഘടകത്തോട് കേന്ദ്രനേതൃത്വം അഭിപ്രായം ആരാഞ്ഞു. നാലുവർഷം മുൻപാണ് ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നത്. നിലവില്‍ ബിജെപി തമിഴ്നാട് ഘടകത്തിന്റെ ഭാഗമായാണ് ഖുശ്ബു പ്രവർത്തിക്കുന്നത്.