October 22, 2024

സംസ്ഥാനത്ത് അതിശക്തമായ മഴ ; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

Share

 

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കണ്ണൂർ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ടും, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ടും നല്‍കി.

 

മധ്യ അറബികടലിലെ തീവ്ര ന്യൂനമർദത്തിന്റെയും തെക്കൻ കേരള തീരം മുതല്‍ അറബിക്കടല്‍ വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ പാത്തിയുടെയും സ്വാധീന ഫലമായാണ് മഴ. അടുത്ത 3 ദിവസത്തിനുള്ളില്‍ രാജ്യത്ത്‌ നിന്നു കാലവർഷം പൂർണ്ണമായും വിടവാങ്ങാനും അതേ ദിവസങ്ങളില്‍ തന്നെ തെക്കേ ഇന്ത്യയില്‍ തുലാവർഷം ആരംഭിക്കാനും സാധ്യതയുണ്ട്. അതിനിടെ നാളെ ഇടുക്കി ജില്ലയിലും പാലക്കാട് മുതല്‍ വയനാട് വരെയുള്ള ജില്ലകളിലും മറ്റന്നാള്‍ എറണാകുളം മുതല്‍ കാസർകോട് വരെയുള്ള ജില്ലകളിലും ഓറഞ്ച് അലർട്ട് ആണ്.

 

അതേസമയം, കേരള തീരത്ത് നാളെ രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത. തിരുവനന്തപുരം കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പും സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒരുമീറ്റര്‍ മുതല്‍ രണ്ടുമീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.