കേരളത്തില്‍ കനത്ത മഴ ; ഇന്ന് 6 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

കേരളത്തില്‍ മഴ ശക്തമായി തുടരുന്നു. ഇന്നും പരക്കെ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിനെ തുടർന്ന് ആറു ജില്ലകളില്‍ ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശമുള്ളത്. യെല്ലോ അലർട്ടാണ് ഈ ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കേരള തീരത്ത് മീൻ പിടിക്കുന്നതിനും വിലക്കുണ്ട്.
വയനാട്ടില്‍ ശക്തമായ മഴയുണ്ട്. മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവരും, വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ഇന്നലെ നൂല്‍പ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ രാജീവ് ഗാന്ധി മോഡല്‍ റസിഡൻഷ്യല്‍ സ്കൂളിലെ വിദ്യാർത്ഥിനികളുടെ ഹോസ്റ്റലിൻ്റെ മതില്‍ തകർന്നിരുന്നു. തേക്കുംപ്പറ്റ നാല് സെൻറ് കോളനിയിലെ വീടുകളിലേക്കും വെള്ളം ഇരച്ചുകയറിയതിനെ തുടർന്ന് ഒരു കുടുംബത്തെ മാറ്റി പാർപ്പിച്ചു.