ഇനി പാമ്പുകടിയേറ്റ് കന്നുകാലികൾ ചത്താലും നഷ്ടപരിഹാരം : മാനദണ്ഡം പുതുക്കി

പാമ്പുകടി, വിഷബാധ എന്നിവമൂലം കന്നുകാലികൾ നഷ്ടമാവുന്ന കർഷകർക്കും നഷ്ടപരിഹാരം നൽകും. ബ്രൂസല്ലോസിസ്, ക്ലാസിക്കൽ സ്വൈൻ ഫീവർ, ആഫ്രിക്കൻ പന്നിപ്പനി എന്നീ അസുഖങ്ങൾമൂലം കന്നുകാലികൾ ചത്താലും നഷ്ടപരിഹാരം ലഭിക്കുംവിധം നിലവിലുള്ള മാനദണ്ഡങ്ങൾ പരിഷ്കരിച്ചു. പ്രകൃതിക്ഷോഭം, ആന്ത്രാക്‌സ്, പേവിഷബാധ, പക്ഷിപ്പനി തുടങ്ങിയവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും, വന്യമൃഗങ്ങളുടെ ആക്രമണം, തെരുവുനായ ആക്രമണം, ഇടിമിന്നൽ, മുങ്ങിമരണം, വൈദ്യുതാഘാതം, സൂര്യാഘാതം, അപകടം തുടങ്ങിയ അത്യാഹിതങ്ങൾ മൂലമുള്ള നാശനഷ്ടത്തിനുമാണ് നിലവിലെ മാനദണ്ഡം പ്രകാരം വകുപ്പിൻ്റെ ദുരന്തനിവാരണ ഫണ്ടിൽനിന്നു നഷ്ടപരിഹാരം നൽകുന്നത്.
കറവയുള്ള പശു/ എരുമയ്ക്ക് 37,500 രൂപയും കറവ ഇല്ലാത്ത പശു/ എരുമയ്ക്ക് 32000 രൂപയുമാണ് കർഷകർക്ക് ലഭിക്കുക. നിലവിൽ ഇത് യഥാക്രമം 16400, 15000 രൂപയുമാണ്. ആട് ഒന്നിന് 1650 രൂപയിൽനിന്നു 4000 രൂപയായും നഷ്ടപരിഹാരത്തുക ഉയർത്തി.
ഒരു വയസ്സ് വരെ പ്രായമുള്ള പശു/ എരുമ/ കാള/ പോത്ത് കു ട്ടികൾക്ക് 10000 രൂപ വീതവും
ഒരു വയസ്സിനു മുകളിൽ പ്രായമുള്ള കിടാരികൾക്ക് 20000 രൂപയും ഒരു വയസ്സ് മുതൽ മൂന്നു വയസ്സുവരെയുള്ള കാള/ പോത്ത് കുട്ടികൾക്ക് 20000 രൂപ വരെയും മൂന്നു വയസ്സിന് മുകളിൽ പ്രായമുള്ള കാള/ പോത്തുകൾക്ക് 32,000 രൂപ വരെ നഷ്ടപരിഹാര ഇനത്തിൽ പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചു സർക്കാർ ധനസഹായമായി ലഭിക്കും. കോഴി/ താറാവ് ഒന്നിന് 50 രൂപയിൽ നിന്നും 100 രൂപയായും നഷ്ടപരിഹാര തുക വർധിപ്പിച്ചിട്ടുണ്ട്. പന്നിക്ക് 4000 രൂപ ദുരന്തനിവാരണ ഫണ്ടിൽ നിന്നു നഷ്ടപരിഹാര ധനസഹായമായി നൽകും.